‘രാഷ്ട്രീയകാരിലെ അധ്യാപകനും അധ്യാപകരിലെ രാഷ്ട്രീയക്കാരനുമായിരുന്ന’ സിപിഐഎം നേതാവ് ടി.ശിവദാസമേനോന് (90) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 1987 മുതല്‍ മൂന്നു തവണ മലമ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ച് സഭയിലെത്തി. നയനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു. ധന, എക്സൈസ്, വൈദ്യുതി വകുപ്പുകള്‍ വഹിച്ചു. സിപിഐഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗം സെക്രട്ടേറിയറ്റ് അംഗം എന്ന നിലയിലും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് വാര്‍ധക്യത്തെ തുടര്‍ന്ന് അദ്ദേഹം സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു
1987-1991ലും 1991-1996 വരെയും 1996 മുതല്‍ 2001വരെയും നിയമസഭയില്‍ മലമ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1987 മുതല്‍ വൈദ്യുതി-ഗ്രാമവികസന വകുപ്പു മന്ത്രിയായി. മന്ത്രിയായ ശേഷമാണ് നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്തത്. 1991ല്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ ചീഫ് വിപ്പായി. 1996 മുതല്‍ 2001 വരെ ധനമന്ത്രിയുമായി. ഇതിനിടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാനായി. പാലക്കാട്ടുനിന്നു ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
അധ്യാപകസംഘടനാ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ശിവദാസ മേനോന് ഒരുകാലത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കടിഞ്ഞാണ്‍ പിടിച്ചു. നിയമസഭയ്ക്ക് അകത്തും പുറത്തും അദ്ദേഹത്തിന്റെ വിപ്ലവ ആവേശം പാര്‍ട്ടിയുടെ കരുത്തായി. എക്സൈസ് മന്ത്രിയായിരിക്കെ കേരളത്തിലെ കള്ളുഷാപ്പുകള്‍ സഹകരണ സംഘങ്ങള്‍ക്ക് ഏല്‍പ്പിച്ചു കൊടുത്ത തീരുമാനം ഭരണമികവിന്റെ ഉദാത്ത മാതൃകയായി.
മഞ്ചേരി കച്ചേരിപ്പടിയില്‍ മരുമകനും പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറലുമായ (ഡിജിപി) സി.ശ്രീധരന്‍നായരുടെ നീതി എന്ന വീട്ടിലായിരുന്നു താമസം. ഭാര്യ ഭവാനി അമ്മ 2003ല്‍ മരിച്ചു. മക്കള്‍: ടി.കെ.ലക്ഷ്മീദേവി, കല്ല്യാണിക്കുട്ടി. മരുമക്കള്‍: കരുണാകര മേനോന് (എറണാകുളം), സി. ശ്രീധരന്‍നായര്‍ (മഞ്ചേരി).