ഗാസയില്‍ ബന്ദിയാക്കപ്പെട്ട ഒരു ഇസ്രായേല്‍ പുരുഷനെ ഹമാസ് ഗാര്‍ഡുകള്‍ വെടിവെച്ചു കൊന്നു. സ്ത്രീകളായ രണ്ട് ബന്ദികള്‍ക്ക് പരിക്കേറ്റു. ഹമാസിന്റെ സായുധ ബ്രിഗേഡായ അല്‍-ഖസ്സാമിന്റെ വക്താവ് അബു ഉബൈദയാണ് കൊലപാതക വിവരം വെളിപ്പെടുത്തിയത്. പാലസ്തീനികള്‍ക്കെതിരായ ഇസ്രായേല്‍ കൂട്ടക്കൊലയുടെ പരിണിത ഫലമാണിതെന്ന് അബു ഉബൈദ കുറ്റപ്പെടുത്തി.
‘സയണിസ്റ്റ് തടവുകാരുടെ ജീവിതത്തെ ബാധിക്കുന്ന ഈ കൂട്ടക്കൊലകളുടെയും പ്രതികരണങ്ങളുടെയും പൂര്‍ണ ഉത്തരവാദിത്തം ഇസ്രായേലിലെ ശത്രു ഗവണ്‍മെന്റ് വഹിക്കുന്നു’. അബു ഉബൈദ ടെലിഗ്രാമില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു. അന്വേഷണത്തിനായി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും കണ്ടെത്തലുകള്‍ പിന്നീട് പ്രഖ്യാപിക്കുമെന്നും പരിക്കേറ്റ രണ്ട് ബന്ദികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബന്ദികളെ തങ്ങളുടെ ഗാര്‍ഡുകള്‍ വധിച്ചതായി അല്‍ ഖസ്സാം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ബന്ദികളെ കൊലപ്പെടുത്തിയതിന് ഇസ്രായേലി ബോംബാക്രമണം കാരണമാണെന്ന് ഹമാസ് മുമ്പ് പലപ്പോഴും ആരോപിച്ചിരുന്നു. ഹമാസിന്റെ അവകാശവാദങ്ങള്‍ സ്ഥിരീകരിക്കുന്നതിനോ നിരസിക്കുന്നതിനോ തക്കതായ ഒരു രഹസ്യാന്വേഷണ വിവരവുമില്ലെന്ന് ഇസ്രായേല്‍ സൈനിക വക്താവ് അവിചയ് അദ്രായി പ്രതികരിച്ചു. പ്രസ്താവനയുടെ വിശ്വാസ്യതയെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.