പ്രീ-സ്കൂൾ പ്രായത്തിലുള്ള കുട്ടികളുടെ നാലു മാതാപിതാക്കളിൽ ഒരാൾ കുട്ടികളുടെ മോശം സ്വഭാവത്തെ നിയന്ത്രിക്കുന്നതിനായി സാന്താ സമ്മാനങ്ങൾ കൊണ്ടുവരില്ല എന്ന കാരണം ഉപയോഗിക്കുന്നതായി പുതിയ പഠനം. മോട്ട് ചിൽഡ്രൻസ് ഹോസ്പിറ്റൽ നടത്തിയ പഠനങ്ങളിലും സർവേയിലുമാണ് ഇക്കാര്യം തെളിഞ്ഞത്.
“അച്ചടക്കപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച വഴികൾ അറിയുന്നത് മാതാപിതാക്കൾക്ക് ഒരു വെല്ലുവിളിയാകാം. അതിനാൽ, കൊച്ചുകുട്ടികളെ അച്ചടക്കം പാലിക്കുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങളെടുക്കാൻ സഹായിക്കുന്നതിന് അവർക്ക് എവിടെനിന്ന് വിഭവങ്ങൾ ലഭിക്കുന്നു എന്നതിനെക്കുറിച്ചുള്ള അവരുടെ സമീപനങ്ങൾ പര്യവേഷണം ചെയ്യാൻ ഞങ്ങൾ ആഗ്രഹിച്ചു” – ആൻ ആർബറിലെ മിഷിഗൺ ഹെൽത്ത് സർവകലാശാലയിലെ മോട്ട് പോൾ കോഡയറക്ടറും പീഡിയാട്രീഷ്യനുമായ ഡോ. സൂസൻ വൂൾഫോർഡ് പറഞ്ഞു.
ഓഗസ്റ്റിൽ, ഒന്നു മുതൽ അഞ്ച് വയസ്സുവരെ പ്രായമുള്ള ഒരു കുട്ടിയെങ്കിലുമുള്ള ആയിരക്കണക്കിന് മാതാപിതാക്കളുടെ ഇടയിലാണ് മോട്ട് പോൾ സർവേ നടത്തിയത്. സർവേയിൽ പങ്കെടുത്ത പകുതിയിലധികം മാതാപിതാക്കളും നല്ല പെരുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ചിലപ്പോൾ പ്രോത്സാഹനങ്ങളോ, പാരിതോഷികങ്ങളോ ഉപയോഗിച്ചിട്ടുണ്ടെന്ന് പറഞ്ഞു. എന്നാൽ, ഭീഷണികളും പാരിതോഷികങ്ങളും തിരിച്ചടിയാകുമെന്നും കൂടുതൽ മോശം പെരുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിന് അത് കാരണമാകുമെന്നും വാഷിംഗ്ടൺ സ്റ്റേറ്റിലെ വിറ്റ്മാൻ കോളേജിലെ സോഷ്യോളജി പ്രൊഫസർ ഡോ. മിഷേൽ ജാനിംഗ് വെളിപ്പെടുത്തുന്നു.
“അഞ്ചുവയസ്സുള്ള കുട്ടികൾപോലും തങ്ങൾക്കു ലഭിക്കുന്ന വസ്തുക്കളെ പരസ്പരം വീക്ഷിക്കുന്നുണ്ട്. നിങ്ങൾ പറയുന്ന സാധനം വാങ്ങിനൽകിയില്ലെങ്കിൽ അവരുടെ സ്വഭാവം മാറുകയും ആ സ്വഭാവം സമൂഹത്തിനുപോലും ഭീഷണിയാകുകയും ചെയ്യും” – ഡോ. മിഷേൽ ജാനിംഗ് കൂട്ടിച്ചേർത്തു.