ഉത്തർപ്രദേശ് ഝാൻസിയിലെ മഹാറാണി ലക്ഷ്മിഭായ് മെഡിക്കൽ കോളേജിലെ നിയോനാറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റിൽ (എൻ. ഐ. സി. യു.) വെള്ളിയാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ 10 നവജാതശിശുക്കൾ മരിക്കുകയും 16 കുഞ്ഞുങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു. തീപിടുത്തത്തിൽ അകപ്പെട്ട 37 പേരെ രക്ഷപെടുത്തി.
വൈദ്യുത ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്നും മരിച്ച കുട്ടികൾ ഈ സമയത്ത് ഇൻകുബേറ്ററിലായിരുന്നുവെന്നും കാൺപൂർ എഡിജി അലോക് സിംഗ് സ്ഥിരീകരിച്ചു. സംഭവസമയത്ത് 49 ശിശുക്കളെ വാർഡിൽ പ്രവേശിപ്പിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
രാത്രി 10:30 നും 10:45 നും ഇടയിൽ, NICU യൂണിറ്റിനുള്ളിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തനു കാരണം. യൂണിറ്റിനു പുറത്തുണ്ടായിരുന്ന കുട്ടികളെ രക്ഷപെടുത്തി. അകത്തുള്ളവരിൽ പലരെയും രക്ഷപെടുത്താൻ സാധിച്ചു. പക്ഷേ, നിർഭാഗ്യവശാൽ 10 കുട്ടികൾ മരിച്ചു. അഗ്നിശമനസേനയും റെസ്ക്യൂ ടീമും ഉടൻ രക്ഷാപ്രവർത്തനം നടത്തിയതിനാൽ നിരവധി കുട്ടികളെ രക്ഷിക്കാൻ സാധിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകുകയാണെന്നും അപകടത്തിനുശേഷം ഝാൻസി ജില്ലാ മജിസ്‌ട്രേറ്റ് പ്രതികരിച്ചു.
മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ദുരിതാശ്വാസ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
18 കിടക്കകൾ മാത്രമുള്ള വാർഡിൽ ആകെ 49 കുട്ടികളുണ്ടായിരുന്നുവെന്ന് ശനിയാഴ്ച രാവിലെ ഝാൻസിയിലെത്തിയ ഉപമുഖ്യമന്ത്രി ബ്രിജേഷ് പതക് പറഞ്ഞു. ഏഴു കുട്ടികളുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ബാക്കിയുള്ള മൂന്നു കുട്ടികളെ തിരിച്ചറിയാനും അവരുടെ കുടുംബങ്ങളിലേക്ക് എത്തിച്ചേരാനുമുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും ബ്രിജേഷ് പഥക് കൂട്ടിച്ചേർത്തു.