ഉക്രൈയിനിൽ യുദ്ധം ജീവനെടുക്കുകയോ മുറിവേല്പിക്കുകയോ ചെയ്ത കുഞ്ഞുങ്ങളുടെ സംഖ്യ 1000 ആയതായി സേവ് ദ ചിൽഡ്രൻ എന്ന അന്താരാഷ്ട്ര സംഘടന.
ഒരു ദിവസം ശരാശരി 5 കുട്ടികൾ വീതം എന്ന കണക്കിലാണ് കഞ്ഞുങ്ങൾ ഇരകളാക്കപ്പെടുന്നതെന്ന് ഈ സംഘടന വ്യക്തമാക്കുന്നു. ഫെബ്രുവരി 24- ന് റഷ്യ ഉക്രയിനെതിരെ യുദ്ധം അഴിച്ചുവിട്ടതിനു ശേഷം ആറ് മാസം പിന്നിട്ടപ്പോഴുള്ള ഒരു കണക്കനുസരിച്ചാണ് “സേവ് ദ ചിൽഡ്രൻ” ഇതു പറയുന്നത്. 370-ൽപ്പരം കുട്ടികൾ യുദ്ധത്തിൽ കൊല്ലപ്പെടുകയും 630-ലേറെ കുഞ്ഞുങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് സംഘടന വ്യക്തമാക്കുന്നു.
കൂടാതെ ഉക്രൈയിനിൽ അനുദിനം 4 ശിശു വിദ്യാലയങ്ങൾ പൂർണ്ണമായോ ഭാഗികമായോ തകർക്കപ്പെടുന്നു. റഷ്യ ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 822 ശിശുവിദ്യാലയങ്ങൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്. കുഞ്ഞുങ്ങളുടെ വിദ്യഭ്യാസം അനിശ്ചിതാവസ്ഥയിലാകുന്നത് അവരുടെ ഭാവിയെ അപകടത്തിലാക്കുമെന്ന് ഈ സംഘടന ആശങ്ക പ്രകടിപ്പിക്കുന്നു.