ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പര്‍ലൂപ്പ് ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് ചൈന. ഇതിനായി രാജ്യത്തെ മുൻനിര റെയിൽ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് നിര്‍ദ്ദേശം നല്‍കി. 1000 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഹൈപ്പര്‍ലൂപ്പ് റെയില്‍വേ ലൈനുകള്‍ ഷാങ്ഹായ്ക്കും ഹാങ്‌ഷൂവിനുമിടയിൽ വികസിപ്പിക്കാനാണ് പദ്ധതി.
ടെസ്‌ല മേധാവി ഇലോണ്‍ മസ്കിന്‍റെ സ്വപ്ന പദ്ധതികളിലൊന്നാണ് ഹൈപ്പര്‍ലൂപ്പ് ട്രെയിനുകള്‍. ഒരു വാക്വം ടണലിലൂടെ യാത്രക്കാരെയും ചരക്കുകളും പോഡുകളിൽ കൊണ്ടുപോകുന്ന ഒരു ഗതാഗത സംവിധാനമാണ് ഹൈപ്പര്‍ലൂപ്പ്. ഇത്തരം ഒരു സംവിധാനത്തെക്കുറിച്ച് 2013 ലാണ് ഇലോണ്‍ മസ്ക് ആദ്യമായി നിര്‍ദ്ദേശിക്കുന്നത്. ഇതേ തുടര്‍ന്നു നടത്തിയ പഠനങ്ങള്‍ക്ക് പിന്നാലെയാണ് ഹൈപ്പര്‍ലൂപ്പിന്‍റെ ആദ്യഘട്ട പരീക്ഷണങ്ങള്‍ ചൈന ആരംഭിച്ചത്.
പദ്ധതിക്കായി 150 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഇരു നഗരങ്ങളേയും ബന്ധിപ്പിക്കുന്ന വാക്വം ടണല്‍ നിര്‍മ്മിക്കും. 2035 ഓടെ പദ്ധതി പൂര്‍ത്തിയാകുമ്പോൾ നഗരങ്ങളിലേക്കുള്ള യാത്രാസമയം 15മിനിറ്റിലേക്ക് ചുരുങ്ങുമെന്നും റെയിൽവേ സ്റ്റാൻഡേർഡ് ഡിസൈൻ ജേണലിൽ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച പദ്ധതിയെക്കുറിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. ഹൈപ്പർലൂപ്പ് ട്രെയിനിനായി ശാസ്ത്രജ്ഞർ “കാൻഡിഡേറ്റ് നിർമ്മാണ സൈറ്റുകളിൽ സമഗ്രമായ വിലയിരുത്തൽ” നടത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.