ഒരു ദിവസം ഒരാൾ നടക്കുന്ന ചുവടുകളുടെ എണ്ണം അയാളുടെ വിഷാദരോഗത്തിന്റെ വ്യാപ്തി കുറയ്ക്കുമെന്ന് പുതിയ പഠനങ്ങൾ. ജെ. എ. എം. എ. നെറ്റ്‌വർക്ക് ഓപ്പൺ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ടിലാണ്, എത്രത്തോളം കൂടുതൽ ചുവടുകൾ നടക്കുന്നുവോ അത്രത്തോളം വിഷാദരോഗ ലക്ഷണങ്ങൾ കുറയുമെന്ന് പറയുന്നത്.
നടത്തത്തിന്റെ തരമോ, തീവ്രതയോ പരിഗണിക്കാതെ ആളുകളെ സജീവമായിരിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് വിഷാദരോഗം തടയുന്നതിനുള്ള ഫലപ്രദമായ തന്ത്രമാണെന്ന് പഠനത്തിന്റെ രചയിതാവും സ്പെയിനിലെ കാസ്റ്റില്ല-ലാ മഞ്ചയിലെ ഹെൽത്ത് ആൻഡ് സോഷ്യൽ റിസർച്ച് സെൻ്റർ യൂണിവേഴ്സിറ്റിയിലെ പോസ്റ്റ്ഡോക്ടറൽ ഗവേഷകനുമായ ഡോ ബ്രൂണോ ബിസോസെറോ-പെറോണി പറയുന്നു.
96,000 ത്തിലധികം മുതിർന്നവരിൽ നടത്തിയ 33 പഠന റിപ്പോർട്ടുകൾ അവലോകനം ചെയ്തായിരുന്നു ഈ ഗവേഷണം. ഒരാൾ നടക്കുന്ന ഓരോ ചുവടും നിങ്ങളുടെ വിഷാദ രോഗലക്ഷണങ്ങൾ കുറയ്ക്കുന്നു. എത്രത്തോളം കൂടുതൽ നടക്കുന്നുവോ അത്രയും വിഷാദം കുറയുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഒരു ദിവസം 10,000 ചുവടുകൾ നടക്കുന്നതാണ് നല്ലതെന്ന് പറയപ്പെടുന്നുവെങ്കിലും 7,000 ചുവടുകൾപോലും മെച്ചപ്പെട്ട മാനസികാരോഗ്യത്തിലേക്കു നയിക്കുന്നു. പ്രതിദിന ചുവടുകളുടെ എണ്ണത്തിലെ ചെറിയ വർധനവ് പോലും കാര്യമായ മാറ്റങ്ങൾ മനുഷ്യരുടെ മാനസികനിലയെ പോസിറ്റീവായി ബാധിക്കുന്നു. ഒരു ദിവസം 1,000 ചുവടുകൾ അധികം ചെയ്താൽ ഭാവിയിലെ വിഷാദരോഗ സാധ്യത 9% കുറയ്ക്കാൻ കഴിയുമെന്ന് ലണ്ടനിലെ കിംഗ്സ് കോളേജിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ റിസർച്ച് അഡ്വാൻസ്ഡ് ഫെലോ ആയ ഡോ. ബ്രണ്ടൻ സ്റ്റബ്സ് പറയുന്നു.
മുകളിൽ പറഞ്ഞ പഠനവിവരങ്ങൾ ക്ലിനിക്കൽ ഡിപ്രഷൻ ഉള്ളവരെക്കാൾ കൂടുതൽ സാധാരണ ജനങ്ങളിൽ നടത്തിയ നിരീക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ആയതിനാൽ ഈ വിഷയത്തിൽ കൂടുതൽ പഠനങ്ങൾ ഇനിയും ആവശ്യമാണെന്നാണ് ഗവേഷകർ പറയുന്നത്.