അയർലണ്ടിൽ ഗർഭച്ഛിദ്രത്തിന് വിധേയമാക്കിയ ശേഷം ജീവനോടെ ജനിച്ച 108 കുഞ്ഞുങ്ങൾ പരിചരണം ലഭിക്കാതെ മരിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത് വന്നതിന് പിന്നാലെ സംഭവത്തിൽ സമഗ്രമായ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അയർലണ്ടിലെ പ്രോ-ലൈഫ് സംഘടനകൾ രംഗത്തെത്തി.
അയർലണ്ടിലെ ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (HSE) പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. 2019-ൽ ഗർഭച്ഛിദ്ര നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം, ഗർഭച്ഛിദ്ര ശ്രമങ്ങൾ പരാജയപ്പെടുകയും എന്നാൽ കുഞ്ഞുങ്ങൾ ജീവനോടെ പുറത്തെടുക്കപ്പെടുകയും ചെയ്ത സാഹചര്യങ്ങളിലാണ് ഈ മരണങ്ങൾ സംഭവിച്ചത്. ജീവനോടെ ജനിച്ച ഈ കുഞ്ഞുങ്ങൾക്ക് യാതൊരുവിധത്തിലുള്ള മെഡിക്കൽ പരിചരണവും നൽകിയില്ലെന്നും അവരെ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും പ്രോ-ലൈഫ് ക്യാമ്പയിൻ വക്താക്കൾ ആരോപിക്കുന്നു. ഇത് മനുഷ്യാവകാശ ലംഘനമാണെന്ന് അവർ ചൂണ്ടിക്കാട്ടി.
ഇത്രയധികം കുഞ്ഞുങ്ങൾ ഇത്തരത്തിൽ മരിക്കാനിടയായ സാഹചര്യം പരിശോധിക്കാൻ സ്വതന്ത്രമായ ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്ന് ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. ആശുപത്രികളിൽ നടപ്പിലാക്കുന്ന പ്രോട്ടോക്കോളുകളിൽ വ്യക്തത വേണമെന്നും പ്രോലൈഫ് സംഘടനകൾ ആവശ്യപ്പെടുന്നു.
ജീവന്റെ സംരക്ഷണം ഗർഭപാത്രം മുതൽ മരണം വരെ ഉറപ്പാക്കണമെന്ന കത്തോലിക്കാ സഭയുടെ നിലപാട് അയർലണ്ടിലെ മെത്രാൻ സമിതി ആവർത്തിച്ചു.
2018-ലെ റഫറണ്ടത്തിന് ശേഷമാണ് അയർലണ്ടിൽ ഗർഭച്ഛിദ്രം നിയമവിധേയമാക്കിയത്. എന്നാൽ അതിനുശേഷം പുറത്തുവരുന്ന ഇത്തരം കണക്കുകൾ രാജ്യത്ത് വലിയ ധാർമ്മിക ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്.

