Thursday, November 21, 2024

കോംഗോയിൽ തീവ്രവാദികളുടെ ആക്രമണത്തിൽ 11 ക്രൈസ്തവർ കൊല്ലപ്പെട്ടു

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡി.ആർ.സി) ഇറ്റൂരി പ്രവിശ്യയിലെ എൻഡിമോ ഗ്രാമത്തിൽ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (എ.ഡി.എഫ്) അംഗങ്ങൾ നടത്തിയ ക്രൂരമായ ആക്രമണത്തിൽ 11 ക്രൈസ്തവർ കൊല്ലപ്പെട്ടു. മെയ് 13 -ന് നടന്ന ആക്രമണത്തിൽ നിരവധി പേരെ തട്ടിക്കൊണ്ടുപോകുകയും വീടുകൾക്ക് തീയിടുകയും ചെയ്തു.

പ്രദേശത്തെ സമാധാനം തകർക്കാനും പ്രദേശവാസികളിൽ ഭയം നിറയ്ക്കാനും ആണ് അഡ്മിനിസ്ട്രേറ്ററുടെ സന്ദർശനത്തെത്തുടർന്ന് എ.ഡി.എഫ് ഭീകരർ ഈ പ്രദേശത്ത് ആക്രമണം നടത്തിയത്. ഈ ആക്രമണം നിരവധി ആളുകളെയാണ് ഭവനരഹിതരാക്കിയത്. എ. ഡി.എഫ് വിമതരുടെ ക്രൂരവും പ്രാകൃതവുമായ നടപടികൾ ഒരിക്കൽ സമാധാനപരമായിരുന്ന ഗ്രാമത്തെ ഭയത്തിന്റെ  അവസ്ഥയിലേക്ക് തള്ളിവിട്ടിരിക്കുന്നു. ബെനിയിലെ ഒരു കത്തോലിക്ക ബിഷപ്പ് ആക്രമണത്തെ അപലപിക്കുകയും സമൂഹത്തിൽ പ്രവേശിക്കുന്ന അപചയത്തെക്കുറിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കാനും റിപ്പോർട്ട് ചെയ്യാനും ആഹ്വാനം ചെയ്തു.

“മനുഷ്യ ജീവനോടും അന്തസ്സിനോടും ഈ തീവ്രവാദികൾ കാണിക്കുന്ന ധിക്കാരപരമായ അവഗണന, ഇത്തരം ക്രൂരമായ അക്രമങ്ങളിൽ നിന്ന് നിരപരാധികളായ സാധാരണക്കാരെ സംരക്ഷിക്കുന്നതിന് ഉയർന്ന സുരക്ഷാ നടപടികളുടെയും ശക്തമായ തീവ്രവാദ വിരുദ്ധ ശ്രമങ്ങളുടെയും അടിയന്തിര ആവശ്യകതയെ ഉറപ്പുവരുത്തുന്നതാണ്. ഇത്തരം പ്രതികൂല സാഹചര്യങ്ങളിൽ ഗ്രാമവാസികൾ പ്രകടിപ്പിക്കുന്ന സഹിഷ്ണുതയും ധൈര്യവും അവരുടെ അചഞ്ചലമായ വിശ്വാസത്തിനും സങ്കൽപ്പിക്കാനാവാത്ത ദുരന്തങ്ങൾക്കിടയിൽ അവരുടെ ജീവിതം പുന:നിർമ്മിക്കാനുള്ള ദൃഢനിശ്ചയത്തിനും തെളിവാണ്.” – ബിഷപ്പ് വെളിപ്പെടുത്തി.

ഏപ്രിൽ 11- ന് ബെന്നിക്ക് സമീപം ഏഴ് പേരെ കൊലപ്പെടുത്തിയതിന് ഒരു മാസത്തിന് ശേഷമാണ് എൻഡിമോയിൽ  എ.ഡി.എഫ് ആക്രമണം നടത്തുന്നത്. കോംഗോ ഒരു ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യമാണെങ്കിലും, 100-ലധികം ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകൾ ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് ആക്രമണം പതിവാണ്. 2018-ൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായി ബന്ധം സ്ഥാപിക്കുകയും മേഖലയിലുടനീളം ശരീഅത്ത് സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്ത എ.ഡി.എഫ് പലപ്പോഴും ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടുപോകുകയും ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ വിസമ്മതിക്കുന്നവരെ കൊല്ലുകയും ചെയ്യുന്നു.

Latest News