യുക്രൈനിലെ കീവില്‍ വീണ്ടും റഷ്യ മിസൈല്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഉണ്ടായി. മേഖലയിലെ നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. യുക്രൈന് യുദ്ധ ടാങ്കുകള്‍ നല്‍കാന്‍ യു.എസും ജര്‍മനിയും സന്നദ്ധത അറിയിച്ച് ഒരു ദിവസത്തിനു ശേഷമാണ് ഈ ആക്രമണം എന്നത് ശ്രദ്ധേയം.
മിസൈല്‍ ആക്രമണത്തില്‍ 35 കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും രണ്ടിടത്ത് തീപിടിത്തമുണ്ടാവുകയും ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ റഷ്യ 55 മിസൈലുകള്‍ തൊടുത്തു വിട്ടതായും ഇതില്‍ 47 എണ്ണം യുക്രൈന്‍ പ്രതിരോധ വിഭാഗം വെടിവെച്ചിട്ടെന്നുമാണ് യുക്രൈന്‍ വ്യക്തമാക്കുന്നത്. റഷ്യയുടെ ലക്ഷ്യം യുക്രൈന്റെ ഊര്‍ജോല്‍പാദന കേന്ദ്രമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
യു.എസും ജര്‍മനിയും യുക്രൈന് യുദ്ധടാങ്കുകള്‍ നല്‍കാമെന്ന് സമ്മതിച്ചതിലുള്ള പ്രകോപനമാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. യുഎസ് യുക്രൈനിന് 31 അബ്രാംസ് യുദ്ധ ടാങ്കുകളാണ് നല്‍കുമെന്നറിയിച്ചത്. കൂടാതെ ജര്‍മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍സും യുക്രൈന് യുദ്ധ ടാങ്കുകള്‍ നല്‍കുന്നതിന് പച്ചക്കൊടി കാട്ടി. ഇത്തരത്തില്‍ ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള പല യൂറോപ്യന്‍ രാജ്യങ്ങളും യുക്രൈനെ സഹായിക്കാനായി രംഗത്തുവന്നിട്ടുണ്ട്. അത് റഷ്യയെ ചൊടിപ്പിച്ചു എന്നുവേണം മനസിലാക്കാന്‍.