ദക്ഷിണാഫ്രിക്കയില്‍ നിന്ന് പന്ത്രണ്ട് ചീറ്റപ്പുലികളെക്കൂടി ഇന്ത്യയിലെത്തിച്ചു. ഇവയെ ഇന്ന് മധ്യപ്രദേശിലെ കുനോ ദേശീയ പാര്‍ക്കിലേക്ക് തുറന്നുവിടും. നമീബിയയില്‍ നിന്ന് എട്ട് ചീറ്റപ്പുലികളെ കൊണ്ടുവന്നതിന് പിന്നാലെയാണ് വീണ്ടും ചീറ്റകളെ രാജ്യത്ത് കൊണ്ടുവരുന്നത്. കഴിഞ്ഞ മാസമാണ് ചീറ്റകളെ കൈമാറുന്നതിനുള്ള കരാറില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒപ്പിട്ടത്. കഴിഞ്ഞ സെപ്റ്റംബറിലാണ് നമീബിയയില്‍ നിന്നും 8 ചീറ്റപ്പുലികളെ രാജ്യത്തെത്തിച്ചത്. 1952 ലാണ് രാജ്യത്ത് ചീറ്റപുലികള്‍ക്ക് വംശനാശം വന്നതായി പ്രഖ്യാപിക്കുന്നത്.
കുനോ ദേശീയ പാര്‍ക്കില്‍ ഇവയ്ക്കായി പ്രത്യേക ക്വാറന്റൈന്‍ സൗകര്യങ്ങള്‍ സജ്ജമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി വിശദമാക്കി. ക്വാറന്റൈന്‍ കാലം കഴിയുന്നതോടെയാണ് ഇവയെ പാര്‍ക്കിലേക്ക് തുറന്നുവിടുക.
വ്യോമ സേനയുടെ പ്രത്യേക വിമാനങ്ങളിലാണ് ഇവയെ ഇന്ത്യയിലെത്തിച്ചത്. നേരത്തെ ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 17നാണ് നമീബിയയില്‍ നിന്ന് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിച്ചത്. ഭോപ്പാലിലെ കുനോ വന്യജീവി സങ്കേതത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇവയെ തുറന്നുവിട്ടത്. എട്ട് ചീറ്റപ്പുലികളെയാണ് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നുവിട്ടത്. ഒരുമാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ക്വാറന്റീന് ശേഷമാണ് ചീറ്റകളെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് വിട്ടത്.