ശനിയാഴ്ച (ഫെബ്രുവരി 18) ആഫ്രിക്കയില്‍ നിന്ന് പന്ത്രണ്ട് ചീറ്റകള്‍ കൂടി ഇന്ത്യയിലെത്തും. ഇതോടെ മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ ചീറ്റകളുടെ ആകെ എണ്ണം 20 ആയി ഉയരുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ചീറ്റകളുടെ രണ്ടാം സംഘത്തെ കൊണ്ടുവരാന്‍ വ്യോമസേനയുടെ ഗ്ലോബ് മാസ്റ്റര്‍ വിമാനം വ്യാഴാഴ്ച രാവിലെ 6 മണിക്ക് ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ടു. ക്വാസുലു നടാലിലെ ഫിന്‍ഡ ഗെയിം റിസര്‍വ് ലിംപോപോ പ്രവിശ്യയിലെ റൂയിബര്‍ഗ് ഗെയിം റിസര്‍വ് എന്നിവിടങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത ചീറ്റകളെയാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്.
ക്വാസുലു നടാലിലെ ഫിന്‍ഡ ഗെയിം റിസര്‍വ് ലിംപോപോ പ്രവിശ്യയിലെ റൂയിബര്‍ഗ് ഗെയിം റിസര്‍വ് എന്നിവിടങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത ചീറ്റകളെയാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് വരുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള നിരവധി ചീറ്റ വിദഗ്ധരും വെറ്ററിനറി ഡോക്ടര്‍മാരും ഇവര്‍ക്കൊപ്പം എത്തും. ഫെബ്രുവരി 20 ന് ചീറ്റ കണ്‍സര്‍വേഷന്‍ ഫണ്ടിന്റെ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ചീറ്റ വിദഗ്ധരുമായി കുനോയില്‍ ഒരു കോണ്‍ഫറന്‍സ് മീറ്റിംഗ് നടക്കുമെന്നും വന്യജീവി ഡയറക്ടര്‍ ജനറല്‍ എസ്പി യാദവ് പറഞ്ഞു.
1952ല്‍ ഛത്തീസ്ഗഢില്‍ അവസാനമായി വേട്ടയാടപ്പെട്ട ചീറ്റയെ 71 വര്‍ഷങ്ങള്‍ക്ക് ശേഷം അതിന്റെ പഴയ ആവാസ വ്യവസ്ഥയിലേക്ക് തിരിച്ചയയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ചീറ്റ പദ്ധതി ആരംഭിച്ചത്. പ്രോജക്റ്റ് ചീറ്റ യുടെ രണ്ടാം ഘട്ടത്തിന് കീഴില്‍ അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 14 മുതല്‍ 16 വരെ ചീറ്റകളെ കൂടി ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതായി ഈ മാസം ആദ്യം സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു.