ജോർജിയയിൽ വിഷവാതകം ശ്വസിച്ച് 12 പേർ മരിച്ചു. ഇതിൽ ഒരാളൊഴികെ ബാക്കിയുള്ളവർ ഇന്ത്യൻ പൗരന്മാരാണ്. കാർബൺ മോണോക്‌സൈഡ് ഉള്ളിൽചെന്നാണ് എല്ലാവരും മരിച്ചതെന്നണ് പ്രാഥമിക വിവരം. തബ്ലിസിയിലെ ഇന്ത്യൻ എംബസിയുടെ അറിയിപ്പ് പ്രകാരം മരിച്ചവരെല്ലാം ഇന്ത്യൻ റസ്‌റ്റോറന്റിലെ ജീവനക്കാരാണ്.
മരിച്ച 12 പേരിൽ ഒരാൾ ജോർജിയൻ പൗരനാണെന്ന് ജോർജിയൻ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വെളിപ്പെടുത്തി. റസ്റ്റോറന്റിലെ രണ്ടാം നിലയിലുള്ള കിടപ്പുമുറികളിലാണ് മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിനുള്ളിൽ സ്ഥാപിച്ചിരുന്ന ജനറേറ്ററിൽനിന്നുള്ള വിഷപ്പുക ശ്വസിച്ചതാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
പ്രാഥമിക വിലയിരുത്തലിൽ വിഷവാതകം ശ്വസിച്ചതായി കണ്ടെത്തിയെങ്കിലും കൊലപാതകമാണോ എന്നതടക്കമുള്ള കാരണങ്ങൾ അന്വേഷണപരിധിയിലുണ്ടെന്ന് ജോർജിയ പൊലീസ് പറഞ്ഞു. മൃതശരീരങ്ങളിൽ മുറിപ്പാടുകളോ, ബലപ്രയോഗം നടന്നതിന്റെ പാടുകളോ ഇല്ലെന്നും മന്ത്രാലയം പുറത്തുവിട്ട വെളിപ്പെടുത്തതിൽ വ്യക്തമാകുന്നു.