2024 ൽ, പുരോഹിതർക്കും സമർപ്പിതർക്കുമെതിരായി 121 അക്രമസംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് വെളിപ്പെടുത്തി എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് (ACN) എന്ന പൊന്തിഫിക്കൽ ഫൗണ്ടേഷൻ. ഇന്ന് ഒരു കത്തോലിക്കാ പുരോഹിതനാകുന്നത് ലോകത്തിലെ ഏറ്റവും അപകടകരമായ ദൗത്യങ്ങളിലൊന്നാണെന്നും എ. സി. എൻ. പറഞ്ഞു.
2024 ൽ 13 കൊലപാതകങ്ങളും 37 തട്ടിക്കൊണ്ടുപോകലുകളും 71 അറസ്റ്റുകളും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഈ സംഭവങ്ങളിൽ പത്ത് സന്യാസിനികളും ഉൾപ്പെടുന്നു. അതിൽ എട്ടുപേരെ തട്ടിക്കൊണ്ടുപോകുകയും രണ്ടുപേരെ അറസ്റ്റ് ചെയ്യുകയുമാണ് ചെയ്തത്. പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയുടെ (പി. എം. എസ്.) ഇൻഫർമേഷൻ ബോഡിയായ ഫൈഡ്സ് പ്രസിദ്ധീകരിച്ച റിപ്പോർട്ടനുസരിച്ച്, 2024 ൽ 14 വൈദികരും മിഷനറിമാരുമാണ് കൊല്ലപ്പെട്ടിട്ടിട്ടുള്ളത്. അവരിൽ ഒമ്പതുപേർ വൈദികരും അഞ്ചുപേർ അൽമായ മിഷനറിമാരുമാണ്.
കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോകലുകൾ, അറസ്റ്റുകൾ
യുണൈറ്റഡ് സ്റ്റേറ്റ്സിൽ കൊല്ലപ്പെട്ട പുരോഹിതരുടെയും സന്യാസിമാരുടെയും കേസുകൾ പൊന്തിഫിക്കൽ ഫൗണ്ടേഷൻ പരാമർശിക്കുന്നു. അതിൽ രണ്ട് കൊലപാതകങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്; സ്പെയിനിൽ ഒരു ഫ്രാൻസിസ്കൻ വൈദികനും മെക്സിക്കോയിലും വെനസ്വേലയിലും യഥാക്രമം ഒരോ പുരോഹിതൻ വീതവും കൊല്ലപ്പെട്ടു.
2024 ൽ ഏറ്റവും കൂടുതൽ തട്ടിക്കൊണ്ടുപോകലുകൾ രേഖപ്പെടുത്തിയ രാജ്യമാണ് ഹെയ്തി.;ആകെ 18 എണ്ണം. വിവിധ സംഘടിത ക്രിമിനൽ ഗ്രൂപ്പുകളുടെ സ്വതന്ത്രമായ പ്രവർത്തനം മൂലമുണ്ടായ അരാജകത്വത്തിന്റെയും അക്രമത്തിന്റെയും ഫലമാണിത്. ഒരു തട്ടിക്കൊണ്ടുപോകൽ കേസ് കൊളംബിയയിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അജപാലന ശുശ്രൂഷയ്ക്ക് ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാണ് നൈജീരിയ. നൈജീരിയയിൽ ഈ വർഷം 11 തട്ടിക്കൊണ്ടുപോകലുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. തട്ടിക്കൊണ്ടു പോകപ്പെട്ടവരെല്ലാം മോചിതരായതായി പൊന്തിഫിക്കൽ ഫൗണ്ടേഷൻ അറിയിച്ചു. എങ്കിലും മുൻവർഷങ്ങളിൽ മൂന്ന് വൈദികരെ ഇവിടെനിന്നും തട്ടിക്കൊണ്ടുപോയിട്ടുണ്ട്. അവരെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല.
ബുർക്കിന ഫാസോയിൽ രണ്ട് കാറ്റക്കിസ്റ്റുകൾ, ഹോണ്ടുറാസിലെ ഒരു മന്ത്രിയുടെ കൊലപാതകം, മെക്സിക്കോയിലെ ഒരു അൾത്താര ബാലന്റെ മരണം എന്നിവയും ക്രൈസ്തവർക്കുനേരെയുള്ള അതിക്രമങ്ങളിൽപെടുന്നവയാണ്.
തടങ്കൽകേസുകളുമായി ബന്ധപ്പെട്ട് കുറഞ്ഞത് 71 വൈദികരെങ്കിലും അവരുടെ വിശ്വാസത്തിന്റെ പേരിലോ അല്ലെങ്കിൽ അവരുടെ വിശ്വാസപരമായ ദൗത്യം നിർവഹിച്ചതിന്റെ പേരിലോ അറസ്റ്റ് ചെയ്യപ്പെട്ടതായി റിപ്പോർട്ട് ചെയ്യുന്നു. നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂടം കത്തോലിക്കാ സഭയ്‌ക്കെതിരെ നടത്തിയ പീഡനങ്ങളും തുടർന്നുണ്ടായ അറസ്റ്റുകളുമാണ് അവയിൽ ഒന്നാമത്. ഒമ്പതോളം പേരെ തടവിലാക്കിയ ചൈന രണ്ടാം സ്ഥാനത്താണ്.