മെക്‌സിക്കോയിലെ ജയിലിനു നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. സ്യൂഡാസ്‌വാറസില്‍ ജയിലില്‍ അജ്ഞാത സംഘം നടത്തിയ വെടിവെപ്പില്‍ ജയില്‍ ജീവനക്കാരും തടവുകാരുമടക്കം 14 പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ആയുധ സജ്ജീകരണങ്ങളുള്ള വാഹനത്തില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നു സ്റ്റേറ്റ് പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു. ആക്രമണത്തിനിടയില്‍ 24 തടവുകാര്‍ ജയില്‍ ചാടിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജയില്‍ ഗാര്‍ഡുകളും സുരക്ഷാ ഏജന്റുമാരും ഉള്‍പ്പെടെ 10 പേര്‍ മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ആക്രമണത്തിന്റെ ലക്ഷ്യം ഇതുവരെ വ്യക്തമായിട്ടില്ല.
അതേസമയം ജയില്‍ ആക്രമിക്കുന്നതിനു തൊട്ടുമുമ്പ് സമീപമുള്ള മുനിസിപ്പല്‍ പോലീസ് സ്റ്റേഷന് നേരെയും ഒരു സംഘം വെടിയുതിര്‍ത്തു. അക്രമികളെ പിന്തുടര്‍ന്ന പോലീസ് നാലു പേരെ പിടികൂടുകയും ഒരു ട്രക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ജയിലിനുനേരെ വെടിവെപ്പുണ്ടായത്. നഗരത്തില്‍ മറ്റൊരിടത്തും ആക്രമണം ഉണ്ടായിട്ടുണ്ട്. മൂന്നു സംഭവങ്ങള്‍ക്കും പരസ്പര ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഞായറാഴ്ച പ്രദേശിക സമയം പുലര്‍ച്ചെ ജയിലില്‍ ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് വിവിധ ജയില്‍ ബ്ലോക്കുകളില്‍ കഴിഞ്ഞിരുന്ന തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഇതില്‍ 13 പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ ഇത് അക്രമി സംഘമാണോ, തടവുകാരാണോ എന്നു വ്യക്തമായിട്ടില്ല.