അമേരിക്കയിലെ ജോർജിയ സംസ്ഥാനത്തെ അപ്പലാച്ചി ഹൈസ്‌കൂളിൽ തോക്ക് കൊണ്ടുവന്നതിന് 14 വയസ്സുള്ള ഒരു വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ സെപ്റ്റംബറിൽ ഇതേ സ്കൂളിൽ തോക്കുമായി വന്ന ഒരു വിദ്യാർഥി രണ്ട് അധ്യാപകരുടെയും രണ്ട് വിദ്യാർഥികളുടെയും ജീവനെടുക്കുകയും എട്ടുപേർക്ക് പരിക്കേൽപിക്കുകയും ചെയ്തിരുന്നു.
വിദ്യാർഥിയുടെ പക്കൽ തോക്ക് കണ്ട ഉടനെ സ്കൂളിലെ സെക്യൂരിറ്റി സ്റ്റാഫുകൾ കുട്ടിയെ പിടികൂടിയിരുന്നു. വിദ്യാർഥി ആരെയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുകളൊന്നുമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി കുട്ടി സഹകരിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
പ്രായം മൂലം പേര് വെളിപ്പെടുത്താത്ത വിദ്യാർഥിയെ ഗെയ്‌നസ്‌വില്ലയിലെ ഒരു ജുവനൈൽ കേന്ദ്രത്തിലേക്കു മാറ്റി. സ്‌കൂൾപരിസരത്ത് ആയുധം കൈവശം വച്ചതിനും മോഷണത്തിനും പ്രായപൂർത്തിയാകാതെ തോക്ക് കൈവശം വച്ചതിനും വിദ്യാർഥിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഏതു തരത്തിലുള്ള തോക്കാണ് കൊണ്ടുവന്നതെന്നും ആയുധം കൊണ്ടുവരാനുണ്ടായ സാഹചര്യം എന്താണെന്നും പൊലീസ് വെളിപ്പെടുത്തിയില്ല.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഏകദേശം 2,000 വിദ്യാർഥികളുള്ള സ്കൂളിന് താൽക്കാലികമായി അവധി നൽകി.