ഉത്തർപ്രദേശിൽ നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയിലെ ജനത്തിരക്കിൽപെട്ട് 15 പേർ മരിച്ചതായും നിരവധി ആളുകൾക്ക് പരിക്കേറ്റതായും റിപ്പോർട്ട്. വിശേഷദിവസമായ മൗനി അമാവാസി ദിനത്തോടനുബന്ധിച്ചു നടക്കുന്ന അമൃത് സ്നാനത്തിനിടെയാണ് തിക്കും തിരക്കുമുണ്ടായതും ഇത്രയും മരണം സംഭവിച്ചതും.
ബാരിക്കേഡുകൾ തകർത്ത് ജനക്കൂട്ടം മുന്നോട്ടുവന്നതാണ് അപകടത്തിനു കാരണം. അനിയന്ത്രിതമായ തിരക്കിനെത്തുടർന്ന് മൗനി അമാവാസി ദിനത്തിലെ അമൃത് സ്നാനം അവസാനിപ്പിച്ചതായി അഖില ഭാരതീയ അഖാര പരിഷത് പ്രസിഡന്റ് മഹന്ത് രവീന്ദ്ര പുരി അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതി വിലയിരുത്തി. സ്ഥലത്ത് അടിയന്തിര ദുരിതാശ്വാസപ്രവർത്തനങ്ങൾ എത്രയും പെട്ടന്ന് സ്വീകരിക്കാൻ പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട്.