പതിനെട്ടിനും അറുപതിനും ഇടയിലുള്ള സ്ത്രീകള്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പ്രതിമാസം 1500 രൂപ വീതം നല്‍കുമെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രധാന പത്ത് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്.
‘ഇന്ദിരാഗാന്ധി പ്യാരി ബെഹ്ന സുഖ് സമ്മാന്‍ നിധി യോജന’ സംരംഭത്തിനായി പ്രതിവര്‍ഷം 800 കോടി രൂപ ചെലവഴിക്കുമെന്നും അഞ്ച് ലക്ഷത്തിലധികം സ്ത്രീകള്‍ ഇതിന് കീഴില്‍ വരുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസ് പ്രകടനപത്രികയിലെ പത്ത് വാഗ്ദാനങ്ങളില്‍ അഞ്ച് എണ്ണം പൂര്‍ത്തികരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. പഴയ പെന്‍ഷന്‍ പദ്ധതിയിലൂടെ സംസ്ഥാനത്തെ 1.36 ലക്ഷം പേര്‍ക്ക് പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.