Sunday, November 24, 2024

യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്കു നേരെ യുഎസ്-യുകെ വ്യോമാക്രമണം; 16 പേര്‍ കൊല്ലപ്പെട്ടു

യെമന്‍ ആസ്ഥാനമായുള്ള ഹൂതികളെ ലക്ഷ്യമിട്ട് യുഎസും ബ്രിട്ടീഷും നടത്തിയ വ്യോമാക്രമണ പരമ്പരയില്‍ 16 പേര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പ് വെള്ളിയാഴ്ച അറിയിച്ചു. ഹൂതി വിമതര്‍ പരസ്യമായി അംഗീകരിച്ച ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണെന്ന് ഹൂതികള്‍ അവകാശപ്പെട്ടു.

ഹൊദൈദയിലെ അല്‍-ഹോക്കിലുള്ള റേഡിയോ കെട്ടിടവും സാലിഫ് തുറമുഖവും ലക്ഷ്യമിട്ടായിരുന്നു യുഎസ്-യുകെ ആക്രമണം.ചെങ്കടലിലെ കപ്പല്‍ ഗതാഗതം കൂടുതല്‍ തടസ്സപ്പെടുത്തുന്നതില്‍ നിന്ന് തീവ്രവാദ ഗ്രൂപ്പിനെ തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വ്യാഴാഴ്ച യെമനിലെ ഹൂതി ലക്ഷ്യങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയതെന്ന് യുഎസും ബ്രിട്ടീഷ് സൈന്യവും പറഞ്ഞു.

പാലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഗോള വാണിജ്യം തടസ്സപ്പെടുത്തുന്നതെന്ന് ഹൂതി വിമതര്‍ പറയുന്നു. യെമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള 13 ലക്ഷ്യങ്ങളില്‍ അമേരിക്കന്‍, ബ്രിട്ടീഷ് സേനകള്‍ ആക്രമണം നടത്തിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. ചെങ്കടല്‍ തുറമുഖ നഗരമായ ഹൊദൈദയിലെ മൂന്ന് സ്ഥലങ്ങള്‍ ലക്ഷ്യമിട്ടാണ് സംയുക്ത ഓപ്പറേഷന്‍ നടത്തിയതെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അവയില്‍ ഡ്രോണുകളും മിസൈലുകളും സൂക്ഷിച്ചിരുന്നു. ഭൂഗര്‍ഭ സൗകര്യങ്ങള്‍, മിസൈല്‍ ലോഞ്ചറുകള്‍, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സൈറ്റുകള്‍, ഒരു ഹൂതി കപ്പല്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവയില്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ട്.

യെമനെതിരെയുള്ള ക്രൂരമായ ആക്രമണമാണ് നടന്നതെന്ന് ഹൂതി വക്താവ് മുഹമ്മദ് അബ്ദുല്‍സലാം പറഞ്ഞു. ഗാസയെ പിന്തുണയ്ക്കുന്ന നിലപാടിനുള്ള ശിക്ഷയാണിതെന്നും അദ്ദേഹം പറഞ്ഞു. ഹൂതി സഖ്യകക്ഷിയായ ഇറാന്‍ ആക്രമണങ്ങളെ ‘യെമന്റെ പരമാധികാരത്തിന്റെയും പ്രാദേശിക സമഗ്രതയുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനം’ എന്ന് അപലപിച്ചു. ചെങ്കടലിലെ യുഎസ്എസ് ഡൈ്വറ്റ് ഡി ഐസന്‍ഹോവര്‍ വിമാനവാഹിനിക്കപ്പലില്‍ നിന്നുള്ള എഫ്എ-18 യുദ്ധവിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കെടുത്തത്. മേഖലയിലെ മറ്റ് യുഎസ് യുദ്ധക്കപ്പലുകളും ഇതില്‍ പങ്കെടുത്തു.

ഹൂതികള്‍ ഉയര്‍ത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ സ്വയം പ്രതിരോധത്തിനായാണ് ആക്രമണം നടത്തിയതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. യെമനില്‍ യുഎസും ബ്രിട്ടനും നടത്തിയ ആക്രമണത്തിന് മറുപടിയായി ചെങ്കടലില്‍ യുഎസ് വിമാനവാഹിനിക്കപ്പലായ ഐസന്‍ഹോവറിന് നേരെ മിസൈല്‍ ആക്രമണം നടത്തിയെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സാരി പറഞ്ഞു.

 

 

Latest News