ഇന്ത്യൻ നിർമ്മിത കഫ് സിറപ്പ് കഴിച്ച് 18 കുട്ടികൾ മരിച്ചതായി ഉസ്ബെകിസ്ഥാൻ സർക്കാർ. ഇന്ത്യൻ മരുന്നു നിർമ്മാണ കമ്പനിയായ മരിയോൺ ബയോടെക്ക് നിർമ്മിച്ച ഡോക് -1 മാക്സ് എന്ന കഫ് സിറപ്പ് ആണ് കുട്ടികളുടെ മരണത്തിനു കാരണമായത്. അമിത അളവിൽ കഫ് സിറപ്പ് ഉപയോഗിച്ച 21 കുട്ടികളിൽ 18 പേർ മരിച്ചതായി ഉസ്ബെക്കിസ്ഥാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഫ് സിറപ്പിൽ ഉണ്ടാകാൻ പാടില്ലാത്ത പദാർഥമായ എഥിലീൻ ഗ്ലൈക്കോൾ, ഡോക് -1 സിറപ്പിൽ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇതിന്റെ അമിത ഡോസ് കുട്ടികൾ കഴിച്ചതാണ് മരണത്തിനിടയാക്കിയത്. ഗാംബിയ, മറ്റൊരു ഇന്ത്യൻ കമ്പനിക്കെതിരെ ആരോപണം ഉന്നയിച്ച് മാസങ്ങൾക്കകമാണ് സമാനമായ പരാതി ഉസ്ബെക്കിസ്ഥാനിൽ നിന്നും ഉണ്ടാകുന്നത്. ഇന്ത്യൻ നിർമ്മിത കഫ്‌സിറപ്പ് കഴിച്ച് 70 ഓളം കുട്ടികളാണ് ഗാംബിയയിൽ മരിച്ചത്. ഹരിയാന ആസ്ഥാനമായ മെയ്ഡൻ ഫാർമസിയിൽ നിർമിച്ച കഫ്‌സിറപ്പാണ് അന്ന് വില്ലനായത്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന മെയ്‌ഡെൻ ഫാർമസ്യൂട്ടിക്കലിന്റെ കഫ്സിറപ്പുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.