Tuesday, November 26, 2024

18 ദിവസം നീണ്ട ശ്രമം: ഉപേക്ഷിച്ച ഓയില്‍ ടാങ്കര്‍ കപ്പലില്‍ നിന്നും ഇന്ധനം നീക്കം ചെയ്തു

ഉപേക്ഷിച്ച ഓയില്‍ ടാങ്കര്‍ കപ്പലില്‍ നിന്നും ഇന്ധനം മാറ്റിയതായി ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. ചെങ്കടലില്‍ ഒഴുകിനടന്ന എഫ്.എസ്.ഒ സേഫര്‍ എന്ന കപ്പലില്‍ നിന്നുള്ള ഓയിലാണ് മാറ്റിയത്. 120 മില്യണ്‍ ഡോളര്‍ ചെലവിട്ട് 18 ദിവസങ്ങൾ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് ഓയില്‍ മറ്റൊരു ടാങ്കര്‍ ഷിപ്പിലേക്ക് മാറ്റിയതെന്നാണ് വിവരം.

2015-ല്‍ ഉപേക്ഷിച്ച ഓയില്‍ ടാങ്കര്‍ കപ്പിലിനെ ഒഴുകിനടക്കുന്ന ടൈം ബോംബ് എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. കപ്പലില്‍ ഏകദേശം ഒരു മില്യണ്‍ ബാരല്‍ ഓയില്‍ ഉണ്ടായിരുന്നു. കപ്പലിന്റെ കാലപ്പഴക്കത്തെ തുടര്‍ന്ന് ഇത് തകരാന്‍ സാധ്യതയുണ്ടെന്നും ഇതോടെ വലിയ രീതിയില്‍ കടലില്‍ എണ്ണചോര്‍ച്ചയ്ക്ക് ഇടയാക്കുമെന്നും ആശങ്ക നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് കപ്പലില്‍ നിന്ന് ഓയില്‍ പകര്‍ത്തിമാറ്റിയത്.

വലിയൊരു പാരിസ്ഥിതികദുരന്തം ഒഴിവാക്കാനായി എന്നാണ് ഈ നടപടിയെക്കുറിച്ച് യു.എന്‍ പറഞ്ഞത്. എന്നാല്‍ ഓയില്‍വില്‍പനയെ നടപടി എങ്ങനെ ബാധിക്കുമെന്നതാണ് ഇനിയുള്ള ആശങ്ക. ഒഴുകിനടന്ന ടൈം ബോബിനെ നിര്‍വീര്യമാക്കി എന്നാണ് ജര്‍മ്മന്‍ വിദേശകാര്യമന്ത്രി അന്നാലെനാ ബേര്‍ബോക്ക് അന്താരാഷ്ട്ര സമൂഹത്തോട് നടപടിയെക്കുറിച്ച് വിശദമാക്കിയത്. 1976-ലാണ് ഈ കപ്പല്‍ നിര്‍മ്മിച്ചത്.

Latest News