സെപ്റ്റംബർ രണ്ട് വെള്ളിയാഴ്ച സൊമാലിയയിൽ അൽ-ഷബാബ് തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. ദുരിതാശ്വാസ ഭക്ഷണം നിറച്ച ട്രക്കുകൾ നശിപ്പിക്കുകയും ചെയ്തു. മധ്യ സൊമാലിയയിലെ ഹിഷാബെല്ലെ സ്റ്റേറ്റിലാണ് ഈ ഇസ്ലാമിക തീവ്രവാദ സംഘടന ആക്രമണം നടത്തിയത്.
ബലദ്‌വെയ്‌ൻ നഗരത്തിൽ നിന്ന് മഹാസ് ടൗണിലേക്ക് സാധനങ്ങൾ കയറ്റിക്കൊണ്ടുപോകുകയായിരുന്നു ആക്രമിക്കപ്പെട്ട ഭക്ഷണ ട്രക്കുകൾ. മൊഗാദിഷുവിലെ ഒരു ഹോട്ടലിൽ 21 പേരുടെ മരണത്തിനിടയാക്കിയ ആക്രമണം നടത്തിയതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും ആക്രമണം ഉണ്ടായത്. ഒരു ദശാബ്ദത്തിലേറെയായി സൊമാലിയയിലെ കേന്ദ്ര സർക്കാരിനെതിരെ തീവ്രവാദി സംഘം കലാപം നടത്തുന്നു. ഹിഷാബെല്ലെ സ്റ്റേറ്റിൽ താമസിക്കുന്ന ഒരു പ്രാദേശിക മൂപ്പൻ ഫറാ ഏഡൻ പറയുന്നതനുസരിച്ച്, “ഞങ്ങൾ കീഴടങ്ങാൻ വേണ്ടിയാണ് അൽ-ഷബാബ് ഇതെല്ലാം ചെയ്യുന്നത്. എന്നാൽ ഞങ്ങൾക്ക് ജീവനുള്ളിടത്തോളം കാലം ഞങ്ങൾ അവർക്ക് കീഴടങ്ങുകയില്ല.” സർക്കാർ സേന ഇതുവരെ സംഭവസ്ഥലത്ത് എത്തിയിട്ടില്ല.