കടുത്ത ദാരിദ്ര്യം മൂലം സുഡാനില്‍ 2024 സെപ്റ്റംബറോടെ 25 ലക്ഷത്തോളം ആളുകള്‍ മരിക്കുമെന്ന് ഡച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്നറിയിപ്പ്. നെതര്‍ലന്‍ഡ്സിലെ ക്ലിങെന്‍ഡാല്‍ ഇന്‍സ്റ്റ്റ്റിയൂട്ടാണ് സുഡാനിലെ ദാരിദ്ര്യത്തിന്റെ ഭീകരതയെ സംബന്ധിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
വിളവെടുപ്പിനെ കുറിച്ചും ഇറക്കുമതിയെ കുറിച്ചും മാനുഷിക സഹായത്തെ കുറിച്ചും പ്രസിദ്ധീകരിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള പഠനത്തിലാണ് സുഡാനിലെ ഈ ഭീകരാവസ്ഥ സൂചിപ്പിക്കുന്നത്. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ ഏകദേശം 25 ലക്ഷം ആളുകളുടെ അധിക മരണനിരക്ക് സംഭവിക്കുമെന്ന് പ്രവചിക്കുകയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട് അനുസരിച്ച് 25 ലക്ഷം ആളുകളെന്നത് സുഡാന്റെ ആകെ ജനസംഖ്യയുടെ 10 ശതമാനമാണ്.
2023 ഏപ്രിലില്‍ സുഡാനീസ് ആമ്ഡ് ഫോഴ്സും (എസ്എഎഫ്) അര്‍ധ സൈനിക റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും (ആര്‍എസ്എഫ്) തമ്മില്‍ നടന്ന ആഭ്യന്തര യുദ്ധത്തിന്റെ പരിണിത ഫലമാണ് സുഡാന്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദാരിദ്ര്യത്തിന്റെ മുഖ്യ കാരണം. യുദ്ധം സുഡാനിലെ ചരക്കുകളുടെ കയറ്റിറക്കത്തെ സാരമായി ബാധിച്ചു. ഇറക്കുമതി കുത്തനെ കുറഞ്ഞു. വിളവെടുപ്പിലും കാര്യമായ കുറവുണ്ടായി. ഇതെല്ലാം മൂലം സുഡാനിലെ അവശ്യസാധനങ്ങളുടെ വില മുമ്പെങ്ങുമില്ലാത്ത വിധം ഉയര്‍ന്നതും രാജ്യത്തെ കടുത്ത ദാരിദ്ര്യത്തിലേക്ക് നയിച്ചു.
യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഭക്ഷണം പങ്കിട്ടുകഴിക്കുന്നതിനുള്ള സംരംഭം കമ്മ്യൂണിറ്റി തലത്തില്‍ ആരംഭിച്ചതോടെ പട്ടിണിയിലായ ജനങ്ങള്‍ അതിനെ ആശ്രയിച്ചു തുടങ്ങി. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള വിളവെടുപ്പ് കാലത്ത് ഭക്ഷണത്തിന്റെ കാര്യത്തില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് സുഡാന്‍ കടന്നു പോയത്. പൊതുവേ സുഡാനിലെ പട്ടിണി മാസമെന്ന് അറിയപ്പെടുന്ന ജൂണ്‍ ആണ് വരാന്‍ കിടക്കുന്നത്. അതോടെ സുഡാന്റെ ദുരന്തത്തിന്റെ തീവ്രത ഇരട്ടിയാകാനാണ് സാധ്യത.