കഴിഞ്ഞ അരനൂറ്റാണ്ടിനിടെ 2 മില്യൺ ആളുകളുടെ മരണത്തിനും 4.3 ട്രില്യൺ ഡോളറിന്റെ സാമ്പത്തിക നാശത്തിനും അതികഠിനമായ പ്രകൃതി ദുരന്തങ്ങൾ കാരണമായതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. യുഎൻ വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷനിൽ (ഡബ്ല്യുഎംഒ) തിങ്കളാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ.
പുതിയ കണക്കുകൾ പ്രകാരം, 1970 മുതൽ 2021 വരെ 11,778 കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങൾ സംഭവിച്ചു. ഈ ദുരന്തങ്ങൾ മൂലം ലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളിൽ 90 ശതമാനത്തിലേറെയും സംഭവിച്ചത് വികസ്വര രാജ്യങ്ങളിലാണെന്ന് റിപ്പോർട്ട് കണ്ടെത്തി. എന്നാൽ പല രാജ്യങ്ങളിലുമുള്ള ആധുനിക മുന്നറിയിപ്പ് സംവിധാനങ്ങളും ഏകോപനത്തോടെയുള്ള ദുരന്തനിവാരണവും മരണനിരക്ക് കുറയ്ക്കാനും സഹായകമായിട്ടുണ്ട്. “ഏറ്റവും ദുർബലരായ സമൂഹങ്ങൾ നിർഭാഗ്യവശാൽ കാലാവസ്ഥ, ജല സംബന്ധമായ അപകടങ്ങൾ എന്നിവയുടെ ഭാരം വഹിക്കുന്നു,” ഡബ്ല്യുഎംഒ മേധാവി പെറ്റേരി താലസ് പ്രസ്താവനയിൽ പറഞ്ഞു.
ദരിദ്ര ജനതയാണ് ഈ ദുരന്തങ്ങളുടെയെല്ലാം പ്രധാന ഇരകളാകുന്നതെന്ന് പറഞ്ഞ ഡബ്ല്യുഎംഒ മേധാവി പെറ്റെരി ടാലസ് കഴിഞ്ഞയാഴ്ച മ്യാൻമറിലും ബംഗ്ലാദേശിലും നാശം വിതച്ച മോക്ക ചുഴലിക്കാറ്റ് ഈ യാഥാർഥ്യത്തിന്റെ ഉദാഹരണമാണെന്നും കൂട്ടിച്ചേർത്തു. മരണസംഖ്യയുടെ കണക്കുകൾ താഴേക്കാണെങ്കിലും സാമ്പത്തിക നഷ്ടങ്ങളുടെ കണക്കുകൾ കുതിച്ചുയരുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഏഴിരട്ടിയലധികം വർധനയുണ്ടായതായാണ് കണക്കുകൾ. കൂടുതൽ സാമ്പത്തിക നഷ്ടമുണ്ടാകുന്നത് സമ്പന്ന രാഷ്ട്രങ്ങളിലാണ്.
1970 മുതൽ 2019 വരെയുള്ള ദുരന്തവുമായി ബന്ധപ്പെട്ട മരണങ്ങളും നാശനഷ്‌ങ്ങളും ഉൾപ്പെടുത്തിയുള്ള റിപ്പോർട്ട് മുൻപ് പ്രസിദ്ധീകരിച്ചിരുന്നു. അതിൽ 1970കളുടെ തുടക്കത്തിൽ ഓരോ വർഷവും 50,000-ത്തിലധികം മരണം പ്രകൃതിദുരന്തങ്ങളെ തുടർന്ന് ലോകത്തുണ്ടായാതായി വെളിപ്പെടുത്തുന്നു. എന്നാൽ 2010ലേക്ക് എത്തുമ്പോൾ, മരണസംഖ്യ പ്രതിവർഷം 20,000മായി കുറഞ്ഞു എന്നും തുടർ വർഷങ്ങളിലും മരണ നിരക്ക് കുറവായിരുന്നു എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.