Tuesday, November 26, 2024

രാജസ്ഥാനില്‍ മിഗ്-21 യുദ്ധവിമാനം തകര്‍ന്നുവീണു; രണ്ട് പൈലറ്റുമാരും മരിച്ചു

ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) മിഗ്-21 യുദ്ധവിമാനം തകര്‍ന്നു വീണു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ രാജസ്ഥാനിലെ ബാര്‍മറിലാണ് അപകടം. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും രണ്ട് പൈലറ്റുമാരും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഭീംദ ഗ്രാമത്തിലാണ് വിമാനം തകര്‍ന്നുവീണത്. അപകടത്തെ തുടര്‍ന്ന് വിമാനത്തിന് തീപിടിച്ചു. അവശിഷ്ടങ്ങള്‍ അര കിലോമീറ്റര്‍ ചുറ്റളവില്‍ ചിതറിക്കിടക്കുകയാണ്.

സംഭവത്തിന്റെ വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. ഭരണകൂടത്തോടൊപ്പം നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇതാദ്യമായല്ല വ്യോമസേനയുടെ വിമാനം അപകടത്തില്‍പ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24ന് രാജസ്ഥാനിലെ ജയ്സാല്‍മീറിന് സമീപം തകര്‍ന്നുവീണിരുന്നു. പൈലറ്റ് വിംഗ് കമാന്‍ഡര്‍ ഹര്‍ഷിത് സിന്‍ഹയാണ് അപകടത്തില്‍ മരിച്ചത്. സുദാസരി ഡെസേര്‍ട്ട് നാഷണല്‍ പാര്‍ക്കിലും പാക്ക് അതിര്‍ത്തിക്കടുത്തുമാണ് ജെറ്റ് വീണത്.

നേരത്തെ 2021 ഓഗസ്റ്റില്‍ ഒരു മിഗ്-21 വിമാനം ബാര്‍മറില്‍ തകര്‍ന്നുവീണിരുന്നു. ഫൈറ്റര്‍ ജെറ്റ് പരിശീലന വിമാനത്തിലായിരുന്നു അത്. പറന്നുയര്‍ന്നതിന് ശേഷം സാങ്കേതിക തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് വിമാനം ഒരു കുടിലില്‍ വീഴുകയായിരുന്നു.

Latest News