തെക്കൻ അമേരിക്കയിൽ ചുഴലിക്കാറ്റിൽ നിരവധി വീടുകൾ തകരുകയും 20 പേർ മരിക്കുകയും ചെയ്തു. മിസോറയിൽ ഉണ്ടായ ചുഴലിക്കാറ്റിൽ 12 പേരാണ് മരിച്ചത്. ടെക്സസിൽ ഉണ്ടായ ശക്തമായ പൊടിക്കാറ്റിനിടെ ഉണ്ടായ കാർ അപകടത്തിൽ മൂന്നുപേർ മരിച്ചു. ഒക്ലഹോമയിലും അർക്കൻസാസിലും മരണങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് ടെക്സസ്, മിസോറി, ഇല്ലിനോയിസ് എന്നിവയുൾപ്പെടെ ആറു സംസ്ഥാനങ്ങളിലായി 2,40,000 ത്തിലധികം വീടുകളിൽ വൈദ്യുതി നഷ്ടപ്പെട്ടു. മധ്യ മിസിസിപ്പി, കിഴക്കൻ ലൂസിയാന, പടിഞ്ഞാറൻ ടെന്നസി എന്നിവിടങ്ങളിൽ കൂടുതൽ കഠിനമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്.
തെക്കുകിഴക്കൻ മേഖലകളിൽ കഠിനമായ കാലാവസ്ഥ തുടരുന്നതിനാൽ ചില ഭാഗങ്ങളിൽ പെട്ടെന്നുള്ള വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ കൊടുങ്കാറ്റും ചുഴലിക്കാറ്റും മൂലം സംസ്ഥാനത്ത് പലയിടങ്ങളും തകർന്നിരിക്കുകയാണ്. വീടുകൾ നശിപ്പിക്കപ്പെട്ടെന്നും പലരുടെയും ജീവൻതന്നെ നഷ്ടമായെന്നും മിസ്സോറി ഗവർണർ മൈക്ക് കെഹോ പറഞ്ഞു. ചിലയിടങ്ങളിൽ കഠിനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.