യുക്രെയ്നിൽ റഷ്യ നടത്തിയ ആക്രമണത്തിൽ ഒറ്റരാത്രി കൊണ്ട് 20 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേറ്റെന്നും റിപ്പോർട്ട്. യുക്രെയ്നിനുള്ള സൈനിക സഹായവും രഹസ്യാന്വേഷണ പിന്തുണയും അമേരിക്ക പിൻവലിക്കുകയും ചെയ്തതോടെയാണ് റഷ്യയുടെ വളരെ പെട്ടന്നുള്ള ഈ ആക്രമണം. കൂടാതെ യു എസിന്റെ ഉപഗ്രഹ ചിത്രങ്ങൾ ഇല്ലാതെ യുക്രെയ്നിന് തിരികെ ആക്രമണം നടത്താനും ബോംബാക്രമണത്തിനും സ്വയം പ്രതിരോധിക്കാനുമുള്ള ഗണ്യമായി കുറയുകയാണ്.
വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ യുക്രെയ്നിൽ രാത്രിയിൽ മൂന്ന് ഇടങ്ങളിൽ ആക്രമണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. യുക്രെയ്നിലെ പ്രധാന നഗരമായ ഡോബ്രോപില്ല്യയുടെ മധ്യഭാഗത്ത് റഷ്യ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടു. തുടർന്ന് അവിടെ രക്ഷാപ്രവർത്തകരെ ലക്ഷ്യമിട്ട് ആക്രമണം ഉണ്ടായതായി സെലൻസ്കി പറയുന്നു. ആക്രമണത്തിൽ ഏഴ് കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും ചില കണക്കുകൾ പറയുന്നു. 40തോളം പേർക്കും പരിക്ക് പറ്റിയിട്ടുണ്ട്.
നാളെ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച ജിദ്ദയിൽ യു എസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയും സാധ്യമായ വെടിനിർത്തൽ ചർച്ചയും ചെയ്യും. സമാധാന കരാറിലെത്തിയാൽ സൈനിക പിന്തുണ നൽകാൻ വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങളിലെ സൈനിക മേധാവികൾക്ക് ചൊവ്വാഴ്ച ഫ്രാൻസ് ആതിഥേയത്വം വഹിക്കും. സമാധാന കരാറിനെ പിന്തുണയ്ക്കാൻ സഖ്യം രൂപീകരിച്ചുകൊണ്ട് യുകെ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമറിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് യോഗം.