2023 -ലെ സാമ്പത്തിക നോബലിന് യു.എസ് സാമ്പത്തികശാസ്ത്രജ്ഞ, ക്ലോഡിയ ഗോൾഡിൻ അർഹയായി. തൊഴില്‍വിപണിയിലെ സ്ത്രീകളുടെ സാധ്യതകളും ഉന്നമനവും ലക്ഷ്യമിട്ടുള്ള പഠനത്തിനും ഇടപെടലുകള്‍ക്കുമാണ് പുരസ്കാരം. ഇപ്പോൾ ഹാർവാർഡ് സർവകലാശാലയിൽ സാമ്പത്തികശാസ്‍ത്രവിഭാഗം പ്രൊഫസറാണ് ഇവര്‍.
ആല്‍ഫ്രഡ് നോബലിന്റെ സ്മരണാര്‍ഥം, ധനതത്വശാസ്ത്രരംഗത്തെ മികച്ച സേവനങ്ങള്‍ക്കു നല്‍കുന്ന പുരസ്‌കാരമാണ്, ‘സ്വെറിഗ്‌സ് റിക്‌സ്ബാങ്ക് പുരസ്‌കാരം’ എന്ന ഔദ്യോഗികനാമത്തിൽ അറിയപ്പെടുന്ന, സാമ്പത്തികശാസ്ത്രത്തിനുള്ള നോബല്‍സമ്മാനം. ഒമ്പതുലക്ഷം ഡോളറാണ് സമ്മാനത്തുക. 2023 -ലെ നോബല്‍ ലഭിച്ചതോടെ സാമ്പത്തികമേഖലയില്‍ ഈ പുരസ്കാരത്തിന് അർഹയാകുന്ന മൂന്നാമത്തെ വനിതയായി ക്ലോഡിയ മാറി.
അമേരിക്കൻ സാമ്പത്തികശാസ്ത്രജ്ഞയും ചരിത്രകാരിയുമാണ് ക്ലോഡിയ. സ്‍ത്രീ തൊഴിൽശക്തി, ലിംഗഭേദം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും അവര്‍ ഗവേഷണം നടത്തിയിട്ടുണ്ട്. 2013-14 വർഷങ്ങളിൽ അമേരിക്കൻ ഇക്കണോമിക്സ് അസോസിയേഷൻ പ്രസിഡന്റായും ക്ലോഡിയ പ്രവര്‍ത്തിച്ചിരുന്നു.