2024ലെ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് അമേരിക്ക വേദിയാകും. ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷനും വടക്കേ അമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷനും സംയുക്തമായാണ് വേദി പ്രഖ്യാപിച്ചത്.
ഇരു വന്‍കരകളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കയെ വേദിയായി തിരഞ്ഞെടുത്തത്. അര്‍ജന്റീന, ബ്രസീല്‍, യുറുഗ്വായ് അടക്കമുള്ള ലാറ്റിനമേരിക്കയില്‍ നിന്ന് യോഗ്യത നേടുന്ന പത്ത് ടീമുകളും കോണ്‍കാഫ് മേഖലയില്‍ നിന്ന് ആറ് രാജ്യങ്ങളും ടൂര്‍ണമെന്റിന്റെ ഭാഗമാകും. നാല് ഗ്രൂപ്പുകളിലായാണ് മത്സരം നടക്കുക. ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയാണ് നിലവിലെ കോപ്പ ചാമ്പന്മാര്‍.
2016 ലാണ് ആദ്യമായി അമേരിക്ക കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിച്ചത്. ഇത് രണ്ടാം തവണയാണ് ലാറ്റിനമേരിക്കയിലെ കരുത്തരെ കണ്ടെത്താനുള്ള കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് യുഎസ് വേദിയാകുന്നത്.