2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ രാജ്യത്ത് എന്‍ഡിഎയും ഇന്ത്യ സഖ്യവും തമ്മില്‍ നടന്ന വാശിയേറിയ പോരാട്ടത്തിനാണ് ജനം സാക്ഷ്യം വഹിച്ചത്. 2019 നെ അപേക്ഷിച്ച്, ശക്തമായ മത്സരമാണ് ഇന്ത്യ മുന്നണി എന്‍ഡിഎയ്ക്കെതിരെ കാഴ്ചവച്ചത്.
ബിജെപിയുടെയും എന്‍ഡിഎയുടെയും അനായാസ വിജയമാണ് എക്സിറ്റ് പോളുകള്‍ പ്രവചിച്ചതെങ്കിലും, വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ഇന്ത്യ സഖ്യം വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങിയ ആദ്യ ഘട്ടത്തില്‍ എന്‍ഡിഎ സഖ്യം ബഹുദൂരം മുന്നിലായിരുന്നെങ്കിലും പിന്നീട് ഇന്ത്യാ സഖ്യം ഒപ്പത്തിനൊപ്പമെത്തി.
വാരണാസിയില്‍ നരേന്ദ്രമോദിയ്ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അയജ് റായ് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. മോദിക്കെതിരെയുള്ള ഇതേ മണ്ഡലത്തില്‍ തന്നെയുള്ള മൂന്നാം അങ്കത്തില്‍ നരേന്ദ്ര മോദിയെ വിറപ്പിക്കാന്‍ പിസിസി പ്രസിഡന്റ് കൂടിയായ അജയ് റായിക്ക് കഴിഞ്ഞിട്ടുണ്ട്. 2014ല്‍ 371,484, 2019ല്‍ 4,79,505 എന്നിങ്ങനെയായിരുന്നു മോദിയുടെ ഭൂരിപക്ഷം. ഈ രണ്ട് തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് തന്നെയായിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാടും റായ്ബലേറിയിലും വലിയ ഭൂരിപക്ഷമാണ് ഇക്കുറി സ്വന്തമാത്തിയത്.
എന്‍ഡിഎ മുന്നണി കേവല ഭൂരിപക്ഷം കടന്നെങ്കിലും ഇന്ത്യ മുന്നണിയും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍ എന്നിവരെ തങ്ങള്‍ക്കൊപ്പം കൂട്ടാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നത്. പുതിയ സാഹചര്യത്തില്‍ ഇന്ത്യാ ഘടകകക്ഷികളെ ബി.ജെ.പി റാഞ്ചാതിരിക്കാന്‍ എം.പിമാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യ ആര് ഭരിക്കും എന്നത് നിര്‍ണായകം.