ലാൻഡിങ് നടത്താൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ചന്ദ്രോപരിതലത്തിൽ തകർന്നുവീണ ലൂണ 25നു പിന്നാലെ റഷ്യ വീണ്ടും ചാന്ദ്രദൗത്യത്തിനു ഒരുങ്ങുന്നു. റഷ്യയുടെ സ്പേസ് ഏജൻസിയായ റോസ്കോസ്മോസാണ് വെള്ളിയാഴ്ച ഇക്കാര്യം അറിയിച്ചത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവം തന്നെ ലക്ഷ്യമാക്കി 2025-26ല്‍ പരീക്ഷണം നടത്തുമെന്നാണ് സ്പേസ് ഏജൻസിയുടെ പ്രഖ്യാപനം.
ലൂണ 25 വികസിപ്പിച്ച സംഘവുമായി റോസ്കോസ്മോസ് മേധാവി യൂറി ബോറിസോവ് ചർച്ച ചെയ്ത ശേഷമാണ് ദൗത്യം പ്രഖ്യാപിച്ചത്. ലൂണ 25ന്റെ പരാജയത്തോടെ ചാന്ദ്രദൗത്യം നിർത്തിവച്ചിട്ടില്ലെന്ന് യൂറി ബോറിസോവ് പറഞ്ഞു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ലാൻഡ് ചെയ്യാനുള്ള പദ്ധതിയുമായി റഷ്യൻ ശാസ്ത്രജ്ഞരും എൻജിനീയർമാരും മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, 47വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള റഷ്യയുടെ ആദ്യ ചാന്ദ്രദൗത്യമായിരുന്ന ലൂണ-25 പരാജയപ്പെടാനുള്ള കാരണങ്ങൾ അന്വേഷിക്കാൻ പ്രത്യേക കമ്മിഷനെ നിയോഗിച്ചു. ഭ്രമണപഥ ക്രമീകരണത്തിൽ ലൂണ 25ന്റെ ത്രസ്റ്ററുകളിലെ അസാധാരണ പ്രവർത്തനമാണ് തകർച്ചയ്ക്ക് പിന്നിലെന്നാണ് പ്രഥമിക വിവരം.