Monday, November 25, 2024

2026 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന 16 നഗരങ്ങളെ പ്രഖ്യാപിച്ചു; അമേരിക്കയില്‍ 11 വേദികള്‍

മൂന്ന് രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പിന് വേദിയാകുന്ന 16 നഗരങ്ങള്‍ പ്രഖ്യാപിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്‌സ്, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളാണ് അടുത്ത ലോക ഫുട്ബോള്‍ മാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങള്‍. ടൂര്‍ണമെന്റില്‍ 48 രാജ്യങ്ങള്‍ മത്സരിക്കും. ആദ്യമായാണ് ഇത്രയും രാജ്യങ്ങള്‍ ലോക ഫുട്ബോള്‍ വേദിയില്‍ എത്തുന്നത്.

വാന്‍കൂവര്‍, സിയാറ്റില്‍, സാന്‍ ഫ്രാന്സിസ്‌കോ, ലോസ് ഏഞ്ചല്‍സ് (സോഫി സ്റ്റേഡിയം) ഗ്വാഡലജാര, മെക്സിക്കോ, കന്‍സാസ് സിറ്റി, ഡാളസ്, അറ്റ്ലാന്റ, ഹൂസ്റ്റണ്‍, മോണ്ടെറി, മെക്സിക്കോസിറ്റി, ടൊറന്റോ, ബോസ്റ്റണ്‍, ഫിലാഡല്‍ഫിയ, മിയാമി, ന്യൂയോര്‍ക്ക്/ന്യൂജേഴ്സി എന്നിവയാണ് 2026ലെ ആതിഥേയ നഗരങ്ങളെന്ന് ഫിഫ വ്യക്തമാക്കി.

പതിനൊന്ന് നഗരങ്ങള്‍ യുഎസിലും, മൂന്നെണ്ണം മെക്സിക്കോയിലും രണ്ടെണ്ണം കാനഡയിലുമാണ്. ഉദ്ഘാടന മത്സരങ്ങളുടെയും ഫൈനലിന്റെയും വേദികള്‍ പിന്നീട് പ്രഖ്യാപിക്കും. നിലവിലെ 32 ടീമുകളുടെ ഫോര്‍മാറ്റിനുപകരം 48 ടീമുകളെ ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തുന്നത് ഇതാദ്യമാണ്. മൂന്ന് ആതിഥേയ രാജ്യങ്ങളില്‍ ടൂര്‍ണമെന്റ് അരങ്ങേറുന്നത് ഇതാദ്യമായാണ്. ഉദ്ഘാടന മത്സരം ലോസ് ഏഞ്ചല്‍സിലോ മെക്സിക്കോ സിറ്റിയിലോ ആയിരിക്കും നടക്കുക.

2018ല്‍ മൊറോക്കോയെ പിന്തള്ളിയാണ് യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളെ വിജയികളായി തിരഞ്ഞെടുത്തത്. യുഎസ് 1994ലും, മെക്സികോ 1970ലും 1986ലും ലോകകപ്പിന് ആതിഥേയത്വം വഹിച്ചു. 2022 ലോകകപ്പ് ഖത്തറില്‍ നടക്കും. ടൂര്‍ണമെന്റ് നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ.

 

Latest News