Friday, April 4, 2025

നാന്‍സി പെലോസി മടങ്ങിയതിന് പിന്നാലെ തായ്വാന്‍ വ്യോമമേഖല ലക്ഷ്യമാക്കി ചൈനീസ് പോര്‍വിമാനങ്ങള്‍; വ്യോമാതിര്‍ത്തിയില്‍ വിമാനവേധ മിസൈലുകള്‍ സജ്ജമാക്കി തായ്വാനും

അമേരിക്കന്‍ പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനത്തിന് പിന്നാലെ, മേഖലയില്‍ യുദ്ധ സന്നാഹമൊരുക്കി ചൈന. തായ്വാന്‍ വ്യോമ മേഖല ലക്ഷ്യമാക്കി യാത്ര തിരിച്ച ചൈനയുടെ 27 പോര്‍വിമാനങ്ങള്‍ തായ്വാന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യോമാതിര്‍ത്തിക്ക് സമീപം ചൈനീസ് വിമാനങ്ങള്‍ കണ്ടതായി തായ്വാന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

ആറ് ജെ-11 പോര്‍വിമാനങ്ങള്‍, അഞ്ച് ജെ-16 യുദ്ധവിമാനങ്ങള്‍, 16 സുഖോയ്-30 യുദ്ധവിമാനങ്ങള്‍ എന്നിവയാണ് തായ്വാന്‍ വ്യോമാതിര്‍ത്തിയില്‍ കടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം തായ്വാന്‍ പ്രതിരോധ മേഖല ലക്ഷ്യമാക്കി 21 ചൈനീസ് സൈനിക വിമാനങ്ങള്‍ യാത്രയായിരുന്നു. ചൈനയുടെ കടന്നുകയറ്റത്തെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് തായ്വാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ചൈനീസ് പോര്‍വിമാനങ്ങളുടെ കടന്നുകയറ്റം ചെറുക്കാന്‍ എയര്‍ പട്രോള്‍ മോണിറ്റര്‍ സംവിധാനവും വിമാനവേധ മിസൈലുകളും സജ്ജമാക്കിയതായും തായ്വാന്‍ വ്യക്തമാക്കി.

തായ്വാന്‍ അതിര്‍ത്തിക്ക് സമീപം ചൈന മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയതായും വെടിവെപ്പ് നടന്നതായും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. തായ്വാന് മേല്‍ ചൈന കടന്നുകയറിയാല്‍ അമേരിക്ക നോക്കിയിരിക്കില്ല എന്ന് സന്ദര്‍ശന വേളയില്‍ പലതവണ നാന്‍സി പെലോസി വ്യക്തമാക്കിയിരുന്നു. യു എസ് എസ് റൊണാള്‍ഡ് റീഗന്‍ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ വിമാനവാഹിനി കപ്പലുകളും മേഖലയിലേക്ക് പുറപ്പെട്ടിരുന്നു.

 

 

 

 

 

 

 

Latest News