ശ്രീലങ്കയിലെ തേയിലത്തോട്ടങ്ങളുള്ള കുന്നിൻപ്രദേശത്ത് കഴിഞ്ഞ ദിവസം ബസ് പാറക്കെട്ടിൽനിന്നു മറിഞ്ഞ് 21 പേർ മരിച്ചു. സംഭവത്തിൽ 14 പേർക്ക് പരിക്കേറ്റു. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽനിന്ന് ഏകദേശം 140 കിലോമീറ്റർ കിഴക്കായി മധ്യ ശ്രീലങ്കയിലെ ഒരു പർവതപ്രദേശത്തുള്ള കോട്മലെ പട്ടണത്തിനു സമീപം ഞായറാഴ്ച പുലർച്ചെയാണ് അപകടം നടന്നത്.
അപകടത്തിൽ 21 പേർ മരിച്ചതായും 14 പേർ ആശുപത്രികളിൽ ചികിത്സയിലാണെന്നും ഗതാഗത- ദേശീയപാത ഉപമന്ത്രി പ്രസന്ന ഗുണസേന മാധ്യമങ്ങളോടു പറഞ്ഞു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാൻ തൊഴിലാളികളും മറ്റുള്ളവരും സഹായിക്കുന്ന വീഡിയോ വാർത്താമാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. പരിക്കേറ്റ ഡ്രൈവറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടസമയത്ത് ബസിൽ ഏകദേശം 50 പേർ യാത്ര ചെയ്തിരുന്നതായാണ് പുറത്തുവരുന്ന വിവരം.
ശ്രീലങ്കയിൽ, പ്രത്യേകിച്ച് പർവതപ്രദേശങ്ങളിൽ മാരകമായ ബസ്സപകടങ്ങൾ സാധാരണമാണ്. പലപ്പോഴും അശ്രദ്ധമായ ഡ്രൈവിംഗും മോശവും ഇടുങ്ങിയതുമായ റോഡുകളുമാണ് അപകടത്തിനു കാരണമാകുന്നത്.