Monday, November 25, 2024

ചെയ്യാത്ത കുറ്റത്തിന് 22 വർഷം ജയിൽവാസം; ഇന്ന് മികച്ച സംരംഭകൻ; കാൽവിൻ ബുവാരിയുടെ അതിജീവനയാത്ര

ചെയ്യാത്ത ഇരട്ട കൊലപാതക കുറ്റത്തിന് 22 വർഷം ജയിലിൽ കഴിയേണ്ടിവന്ന വ്യക്തിയാണ് കാൽവിൻ ബുവാരി. ഒരു മയക്കുമരുന്ന് വ്യാപാരിയായിരുന്ന അദ്ദേഹത്തെ എതിരാളികൾ ചതിയിൽ, കൊലക്കേസിൽപ്പെടുത്തുകയായിരുന്നു. 2017-ൽ ന്യൂ യോർക്കിലെ ജയിലിൽനിന്നും കുറ്റവിമുക്തനാക്കപ്പെട്ട അദ്ദേഹം ഇന്നൊരു മികച്ച സംരംഭകനാണ്. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ജീവിതം, നിശ്ചയദാർഢ്യം, അതിജീവനം എന്നിവയെക്കുറിച്ച് കൂടുതൽ വായിച്ചറിയാം.

1990-കളിൽ ബ്രോങ്ക്‌സിൽ മയക്കുമരുന്ന് വ്യാപാരിയായിരുന്നപ്പോഴാണ് ബുവാരിയുടെ ജീവിതം മാറിമറിഞ്ഞത്. വീട്ടിലെ ദാരിദ്ര്യം, വേഗം ഒരു പണക്കാരനായി മാറാനുള്ള വഴി തിരഞ്ഞെടുക്കാൻ അവനെ പ്രേരിപ്പിച്ചു. അങ്ങനെ ചെറിയ രീതിയിൽ ആരംഭിച്ച മയക്കുമരുന്ന് വ്യാപാരം കാൽവിനെ ആ നാട്ടിലെ നിരവധി ബിസിനസ് ശത്രുക്കളുള്ള കുപ്രസിദ്ധ മയക്കുമരുന്ന് വ്യാപാരിയാക്കിമാറ്റി. ഇതിലൂടെ ലഭിച്ച പണത്തിന്റെ അളവുപോലെ തന്നെ ശത്രുക്കളും അദ്ദേഹത്തിനുണ്ടായിരുന്നു.

1992-ൽ കാൽവിന്റെ കണ്മുന്നിൽവച്ച് അദ്ദേഹത്തിന്റെ സഹോദരന്മാരായ ഏലിജയും സൽഹാദീൻ ഹാരിസും അക്രമികളുടെ വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. എന്നാൽ, കാൽവിനെതിരെയാണ് ഈ കൊലക്കുറ്റം ആരോപിക്കപ്പെട്ടത്. എതിരാളികളായ മയക്കുമരുന്ന് വ്യാപാരികൾ അദ്ദേഹത്തിനെതിരെ കോടതിയിൽ സാക്ഷി പറഞ്ഞു. എങ്ങനെയെങ്കിലും കാൽവിന്റെ ശല്യം ഒഴിവാക്കാനായി നോക്കിയിരുന്ന പൊലീസും അതൊരു ബോണസായി കണ്ടു. അങ്ങനെ കോടതി കാൽവിനെ 50 വർഷം തടവിനു ശിക്ഷിച്ചു.

താൻ ചെയ്യാത്ത കുറ്റത്തിന് തടവിലായത് കാൽവിന് അംഗീകരിക്കാനായില്ല. എന്നാൽ, തെളിവുകളുടെ അഭാവത്തിൽ തന്നെ രക്ഷിക്കാൻ ആരുമില്ലെന്ന് അവൻ മനസ്സിലാക്കി. തടവറയിൽ ജീവിതം കഴിക്കേണ്ട ഒരാളല്ല താനെന്ന്, ജയിലിലെ ആദ്യവർഷങ്ങളിൽത്തന്നെ അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. സ്വയം രക്ഷിക്കേണ്ടത് തന്റെതന്നെ ഉത്തരവാദിത്വമായിക്കണ്ട് ജയിൽ വച്ചുതന്നെ ക്രിമിനൽ നിയമത്തിൽ വെർച്വൽ കോഴ്‌സുകൾ നടത്തി തന്റെ സ്വാതന്ത്ര്യത്തിനായി പോരാടാൻ ആരംഭിച്ചു. 2003-ൽ മറ്റൊരു തടവുകാരൻ കുറ്റം സമ്മതിച്ചെങ്കിലും പിന്നീട് അത് പിൻവലിച്ചു. എങ്കിലും പിന്നീട് പൗരാവകാശ അഭിഭാഷകനായ മൈറോൺ ബെൽഡോക്ക് കാൽവിന്റെ കേസ് ഏറ്റെടുത്തു. എന്നാൽ, 2016-ൽ ബെൽഡോക്ക് മരണമടഞ്ഞു. അതോടെ തനിക്കുവേണ്ടി വാദിക്കാൻ ആരും വരില്ലെന്ന് കാൽവിൻ കരുതി. എന്നാൽ, അറ്റോർണിയായ ഓസ്കാർ മിഷേലൻ പോരാട്ടം തുടർന്നു. ഒടുവിൽ 2017-ൽ ബുവാരി കുറ്റവിമുക്തനാക്കപ്പെട്ടു.

ജയിൽമോചിതനായതിനുശേഷം ബുവാരി പുതിയ ഒരു ജീവിതത്തിലേക്കു കാൽവയ്പ്പ് നടത്തി. ജയിൽ സന്ദർശന ഷെയർ കമ്പനിയായ റൈഡേഴ്‌സ് വാൻ സർവീസ് ആരംഭിച്ച അദ്ദേഹം, റിയൽ എസ്റ്റേറ്റിൽ നിക്ഷേപം നടത്തി. വീണ്ടെടുപ്പിന്റെയും രണ്ടാം ജന്മത്തിന്റെയും ശക്തിയുടെ തെളിവാണ് ബുവാരിയുടെ യാത്ര. ‘ജയിൽ സന്ദർശിക്കുന്നവർക്കുള്ള വാഹനസൗകര്യം നൽകുന്ന ജയിൽസന്ദർശകർക്കുള്ള യൂബർ’ എന്ന പ്രത്യേക സംരംഭമാണ് ഇപ്പോൾ കാൽവിൻ പ്രധാനമായും നൽകുന്ന സേവനം. “ജയിലിനുള്ളിൽ അടയ്ക്കപ്പെടുമ്പോൾ ഒരു ദിവസംകൊണ്ടാണ് ഒരാളുടെ എല്ലാ സ്വാതന്ത്ര്യവും ഇല്ലാതായിപ്പോകുന്നത്. ഇരുപത്തിനാലാം വയസ്സിലാണ് ഞാൻ തടവിലായത്. എന്നാൽ, ഇനി ജയിലല്ല എന്റെ വിധി” – കാൽവിൻ പറയുന്നു.

“ഒരിക്കൽ എനിക്ക് എന്നെ പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു. ഞാൻ ഇപ്പോഴും എന്നെ പൂർണ്ണമായും കണ്ടെത്തിയില്ല. പക്ഷേ, ഇന്ന് ഞാൻ കൃപ കണ്ടെത്തുന്നത് എന്റെ പ്രവർത്തനങ്ങളിലാണ്; എന്റെ വാക്കുകളിലല്ല” – കാൽവിൻ പറയുന്നു. “ജയിലിൽ പോയത് എന്റെ ജീവൻ രക്ഷിച്ചു. അതൊരു ചിത്രശലഭത്തിന്റെ സ്വാധീനം എന്നിൽ ചെലുത്തി. ജയിലിൽ പോകുന്നതിനുമുമ്പ് ഞാനൊരു കാറ്റർപില്ലറിനെപ്പോലെ ആയിരുന്നു. പിന്നീട് ജയിലിലായിരിക്കുമ്പോൾ, ഒരു പ്യൂപ്പയെപ്പോലെ സമാധിയിരുന്ന എന്റെ ജീവിതത്തെ മാറ്റിമറിക്കുകയും പുറത്തുവന്നപ്പോൾ ഒരു ചിത്രശലഭത്തെപ്പോലെ കൂടുതൽ ഉല്പാദനക്ഷമമായ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നു.”

എത്ര ഇരുണ്ട ഭൂതകാലമാണെങ്കിലും ആർക്കും മാറാനും മോചനം കണ്ടെത്താനും കഴിയുമെന്ന ഓർമ്മപ്പെടുത്തലാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഈ യാത്ര.

Latest News