ബംഗാള്‍ ഉല്‍ക്കടലില്‍ ബോട്ട് മുങ്ങി 23 പേർ മരിക്കുകയും മുപ്പതോളം പേരെ കാണാതാവുകയും ചെയ്തു. മ്യാന്മറിലെ രാഖൈൻ സംസ്ഥാനത്തുനിന്ന് പലായനം ചെയ്ത റോഹിങ്ക്യന്‍ അഭയാർഥികൾ സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽപെട്ടത്. അപകടസമയത്ത് ബോട്ടില്‍ 50-ലധികം അഭയാർഥികളുണ്ടായിരുന്നതായാണ് വിവരം.
മ്യാന്മറില്‍ നിന്നും മലേഷ്യ ലക്ഷ്യമാക്കി പുറപ്പെട്ട ബോട്ടാണ് റാഖൈനിന്റെ തലസ്ഥാനമായ സിറ്റ്‌വെയ്ക്കു സമീപം അപകടത്തില്‍പെട്ടത്. ശക്തമായ തിരമാലകൾ മൂലം ബോട്ടിൽ വെള്ളം കയറിയതോടെ ബോട്ട് മുങ്ങുകയായിരുന്നു. അപകടത്തില്‍ നിന്നും എട്ടുപേരെ രക്ഷപെടുത്തിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. ബോട്ടിൽ വെള്ളം കയറാൻ തുടങ്ങിയതോടെ ജീവനക്കാർ തങ്ങളെ നടുക്കടലിൽ ഉപേക്ഷിച്ചുപോയതായി രക്ഷപെട്ട അഭയാർഥികൾ വെളിപ്പെടുത്തി.
അതേസമയം, അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങൾ മറ്റു ബോട്ടുകളിലെ ജീവനക്കാർ കണ്ടെടുക്കുകയോ, കടൽത്തീരത്ത് ഒഴുകിയെത്തുകയോ ചെയ്യുകയായിരുന്നു. മരിച്ചവരിൽ 13 സ്ത്രീകളും 10 പുരുഷന്മാരും ഉള്‍പ്പെടുന്നു. കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. അതേസമം, ബർമീസ് സൈന്യം ആരംഭിച്ച വംശഹത്യയിൽ നിന്ന് രക്ഷപെടാൻ ഓരോ വർഷവും ആയിരക്കണക്കിന് റോഹിങ്ക്യകളാണ് മുസ്ലീം ഭൂരിപക്ഷമുള്ള മലേഷ്യയിലേക്കും ഇന്തോനേഷ്യയിലേക്കും അപകടകരമായ രീതിയിൽ കടലിലൂടെ പലായനം ചെയ്യുന്നത്.
മ്യാന്മറിലെ വംശീയന്യൂനപക്ഷമാണ് മുസ്ലീം റോഹിങ്ക്യകൾ. ബുദ്ധമത ഭൂരിപക്ഷമുള്ള മ്യാന്മറിലെ റാഖൈനിൽ ഏകദേശം 6,00,000 റോഹിങ്ക്യൻ മുസ്ലിങ്ങളുണ്ട്. അവരെ ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാരായി കണക്കാക്കി സർക്കാർ പൗരത്വവും സഞ്ചാരസ്വാതന്ത്ര്യവും നിഷേധിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് നിരവധി ആളുകളാണ് മ്യാന്മറില്‍ നിന്നും പലായനം ചെയ്യുന്നത്. 2021-ലെ സൈനിക അട്ടിമറിക്കുശേഷം മ്യാന്മറിൽ അവശേഷിക്കുന്നവരും രാജ്യത്തുനിന്ന് പലായനം ചെയ്തു. ബംഗ്ലാദേശിലെ തിരക്കേറിയ അഭയാർഥി ക്യാമ്പുകളും മോശം ജീവിതസാഹചര്യങ്ങളും പലായനത്തിനുള്ള മറ്റു കാരണങ്ങളാണ്.