കര്‍ത്തവ്യപഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള 23 നിശ്ചലദൃശ്യങ്ങള്‍ പ്രദർശിപ്പിക്കും. രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം, സാമ്പത്തിക പുരോഗതി, ശക്തമായ ആഭ്യന്തര-ബാഹ്യസുരക്ഷ എന്നിവ ചിത്രീകരിക്കുന്ന നിശ്ചലദൃശ്യങ്ങളാണ് പരേഡിന് പ്രൗഢിയേകുന്നത്. തെരഞ്ഞടുക്കപ്പെട്ട സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ടാബ്ലോകള്‍ക്കൊപ്പം വിവിധ മന്ത്രാലയങ്ങളുടെ ടാബ്ലോകളും പ്രദര്‍ശിപ്പിക്കപ്പെടും.
കേരളം, അസം, അരുണാചല്‍പ്രദേശ്, ത്രിപുര, പശ്ചിമ ബംഗാള്‍, ജമ്മു & കാശ്മീര്‍, ലഡാക്ക്, ദാദര്‍ നഗര്‍ ഹവേലി, ദാമന്‍ & ദിയു, ഗുജറാത്ത്, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ആണ് 17 ടാബ്ലോകള്‍. എന്നാല്‍ ആദ്യഘട്ടത്തില്‍ കര്‍ണ്ണാടകയുടെ നിശ്ചലദൃശ്യം കേന്ദ്രം ഒഴിവാക്കിയിരുന്നു. ഇതേ തുടര്‍ന്നുണ്ടായ പ്രതിഷേധം മൂലമാണ് കര്‍ണ്ണാടകയെയും ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ടാബ്ലോയുടെ പ്രമേയം, അവതരണം, ഭംഗി, സാങ്കേതിക ഘടകങ്ങള്‍ എന്നിവയെക്കുറിച്ച് സംസ്ഥാനങ്ങളുടെ പ്രതിനിധികളുമായി നിരവധി തവണ കമ്മിറ്റിയംഗങ്ങള്‍ ആശയവിനിമയം നടത്തിയാണ് പരേഡിലേക്ക് തെരഞ്ഞെടുക്കുന്നത്.
സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള നിശ്ചലദൃശ്യങ്ങള്‍ക്കു പുറമേ സാംസ്‌ക്കാരിക മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം (കേന്ദ്ര സായുധ പോലീസ് സേന), ആഭ്യന്തര മന്ത്രാലയം (നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ), ഭവന, നഗരകാര്യ മന്ത്രാലയം (കേന്ദ്ര പൊതുമരാമത്ത് വകുപ്പ്), ട്രൈബല്‍ മന്ത്രാലയം എന്നിവയുടെ ആറ് ടാബ്ലോകളും പരേഡില്‍ പ്രദര്‍ശിപ്പിക്കും.