Wednesday, May 14, 2025

യുക്രൈനിൽ 2022 മുതൽ ഇതുവരെ യുദ്ധത്തിന്റെ ഇരകളായത് 2,472 കുട്ടികൾ

2022 ൽ ആരംഭിച്ച റഷ്യ – യുക്രൈൻ യുദ്ധത്തെ തുടർന്ന് ഇതുവരെ 2,472 കുട്ടികൾ യുദ്ധത്തിന് ഇരകളായെന്നും നിരവധി കുട്ടികൾ അതിഭീകരമായ വിധത്തിൽ കൊല്ലപ്പെട്ടുവെന്നും വെളിപ്പെടുത്തി യൂണിസെഫ്. നിരവധി സ്‌കൂളുകൾ ബോംബാക്രമണങ്ങൾക്ക് വിധേയമായെന്നും യൂണിസെഫ് കൂട്ടിച്ചേർത്തു. ജനുവരി ഏഴിന് എക്‌സിൽ കുറിച്ച സന്ദേശത്തിലൂടെയാണ് റഷ്യ – യുക്രൈൻ യുദ്ധത്തിന്റെ ഭീകരതയുടെ ഇത്തരമൊരു ചിത്രം ശിശുക്ഷേമനിധി റിപ്പോർട്ട് ചെയ്‌തത്‌.

യുദ്ധത്തിൽ യുക്രൈനിലെ നിരവധി സ്‌കൂളുകൾക്കുനേരെ ബോംബാക്രമണമുണ്ടായെന്നും നിരവധി വീടുകൾ തകർക്കപ്പെട്ടുവെന്നും യൂണിസെഫ് അറിയിച്ചു. പല കുടുംബങ്ങളും വിവിധയിടങ്ങളിലായി മാറിത്താമസിക്കാൻ നിർബന്ധിതരായിരിക്കുകയാണെന്നും യൂണിസെഫ് വ്യക്തമാക്കി. കുട്ടികൾക്കു നേരെയുള്ള ആക്രമണങ്ങളെ സാധാരണ സംഭവമായി നമുക്ക് അംഗീകരിക്കാനാകില്ലെന്നും തങ്ങൾ ആരംഭിക്കാത്ത ഇത്തരമൊരു യുദ്ധത്തിന്റെ വിലകൊടുക്കേണ്ടിവരുന്നത് രാജ്യത്തെ കുട്ടികളാണെന്നും അപലപിച്ച യൂണിസെഫ്, കുട്ടികൾ എപ്പോഴും സംരക്ഷിക്കപ്പെടേണ്ടവരാണെന്നും ഓർമിപ്പിച്ചു.

റഷ്യ – യുക്രൈൻ യുദ്ധത്തിന്റെ ഭാഗമായി നാളിതുവരെ 1,548 വിദ്യാഭ്യാസ സ്ഥാപനങ്ങളും 712 ആരോഗ്യപരിപാലന കേന്ദ്രങ്ങളും തകർക്കപ്പെട്ടതായി ജനുവരി ഒന്നാം തീയതി എഴുതിയ ഒരു സന്ദേശത്തിലൂടെ യൂണിസെഫ് അറിയിച്ചിരുന്നു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

Latest News