Sunday, November 24, 2024

കോവിഡ് കാരണം ലോകമെമ്പാടുമുള്ള 25 ദശലക്ഷം കുട്ടികള്‍ക്ക് പതിവ് വാക്‌സിനേഷന്‍ നഷ്ടപ്പെട്ടതായി യുഎന്‍

കഴിഞ്ഞ വര്‍ഷം ലോകമെമ്പാടുമുള്ള 25 ദശലക്ഷം കുട്ടികള്‍ക്ക് ഡിഫ്തീരിയ, ടെറ്റനസ്, പെര്‍ട്ടുസിസ് പോലുള്ള സാധാരണ രോഗങ്ങള്‍ക്കെതിരായ പതിവ് പ്രതിരോധ കുത്തിവയ്പ്പുകള്‍ നഷ്ടപ്പെട്ടതായി യു.എന്‍. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഒരു പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊറോണ വൈറസ് പാന്‍ഡെമിക് പതിവ് ആരോഗ്യ സേവനങ്ങളെ തടസ്സപ്പെടുത്തിയതിനാലോ വാക്സിനുകളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിച്ചതിനാലോ ആണ് ഇതെന്നാണ് ലോകാരോഗ്യ സംഘടനയും യുണിസെഫും വിലയിരുത്തുന്നത്.

ബാല്യകാല പ്രതിരോധം സ്വീകരിക്കുന്ന കുട്ടികളുടെ എണ്ണം കുറയുന്നത് കുട്ടികളുടെ ആരോഗ്യത്തിന് റെഡ് അലര്‍ട്ട് ആണ് എന്ന് യുനിസെഫിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കാതറിന്‍ റസ്സല്‍ പറഞ്ഞു. ‘ഈ തലമുറയില്‍ കുട്ടിക്കാലത്തെ പ്രതിരോധ കുത്തിവയ്പ്പില്‍ ഏറ്റവും വലിയ തുടര്‍ച്ചയായ ഇടിവാണ് ഞങ്ങള്‍ കാണുന്നത്. അതിന്റെ അനന്തരഫലങ്ങള്‍ പിന്നീട് വെളിപ്പെടും’. അവര്‍ പറഞ്ഞു.

എത്യോപ്യ, ഇന്ത്യ, ഇന്തോനേഷ്യ, നൈജീരിയ, ഫിലിപ്പീന്‍സ് തുടങ്ങിയ വികസ്വര രാജ്യങ്ങളില്‍ താമസിക്കുന്ന കുട്ടികളാണ് പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതില്‍ പരാജയപ്പെട്ടവരില്‍ ഭൂരിഭാഗവും എന്ന് ഡാറ്റ കാണിക്കുന്നു. ലോകത്തിന്റെ എല്ലാ മേഖലകളിലും വാക്‌സിന്‍ കവറേജ് കുറഞ്ഞെങ്കിലും കിഴക്കന്‍ ഏഷ്യയിലും പസഫിക്കിലും വലിയ രീതിയില്‍ കുറവ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. 2020 മാര്‍ച്ചില്‍, COVID-19 പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ പോളിയോ നിര്‍മ്മാര്‍ജ്ജന ശ്രമങ്ങള്‍ പല രാജ്യങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.

പോഷകാഹാരക്കുറവിന്റെ നിരക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പോഷകാഹാരക്കുറവുള്ള കുട്ടികള്‍ക്ക് സാധാരണയായി ദുര്‍ബലമായ പ്രതിരോധശേഷിയാണുള്ളത്. കൂടാതെ അഞ്ചാംപനി പോലുള്ള അണുബാധകള്‍ പലപ്പോഴും മാരകമായേക്കാം. വര്‍ദ്ധിച്ചുവരുന്ന പ്രതിരോധ കുത്തിവയ്പ്പ് അഭാവത്തിനൊപ്പം ലോകമാകെ പടരുന്ന പട്ടിണി കുട്ടികളുടെ അതിജീവനം പ്രതിസന്ധിയിലാക്കുമെന്നും യു.എന്‍. പറയുന്നു.

 

Latest News