Wednesday, May 14, 2025

കുഞ്ഞുങ്ങളുടെയും ജീവനെടുത്ത് യുദ്ധം; കൊല്ലപ്പെട്ടത് 28 കുട്ടികള്‍, 840 കുട്ടികള്‍ക്ക് പരിക്കെന്ന് യുക്രൈന്‍

റഷ്യന്‍ ആക്രമണത്തില്‍ ഇതുവരെ 28 കുട്ടികള്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍. യുക്രൈനിലെ റഷ്യന്‍ അധിനിവേശം ആരംഭിച്ച ഫെബ്രുവരി 24ന് ശേഷം 28 കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമാകുകയും 840 കുഞ്ഞുങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് യുക്രൈന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

യുക്രൈന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ മേധാവി ഒലെക്സി ഡാനിലോവ് ടെലിവിഷനിലൂടെയാണ് യുദ്ധത്തില്‍ രാജ്യത്ത് ജീവന്‍ നഷ്ടമായ കുട്ടികളുടെ കണക്കുകള്‍ പുറത്തുവിട്ടത്. നിലവിലെ സാഹചര്യത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രക്ഷപ്പെടാനുള്ള അവസരമൊരുക്കണമെന്ന് അദ്ദേഹം റഷ്യയോട് അഭ്യര്‍ഥിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. യുദ്ധം ആരംഭിച്ചതിന് പിന്നാലെ യുക്രൈനില്‍ നിന്നും ഒരു ദശലക്ഷത്തിലധികം യുക്രൈന്‍ പൗരന്മാര്‍ വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. നൂറ് കണക്കിനാളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ കീവ് അടക്കമുള്ള നഗരങ്ങളില്‍ വന്‍ നഷ്ടമാണ് സംഭവിച്ചത്. ആണവനിലയങ്ങള്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങള്‍ നിയന്ത്രണത്തിലാക്കിയ റഷ്യന്‍ സൈന്യം ഷെല്ലാക്രമണം ശക്തമാക്കിയിരുന്നു. യുക്രൈന്‍ നഗരമായ എനര്‍ഗൊദാര്‍ നഗരത്തിലെ സോപോര്‍സെയിയ ആണവ നിലയത്തിന് നേരെ വ്യാഴാഴ്ച രാത്രി റഷ്യ ആക്രമണം നടത്തിയെന്ന് യുക്രൈന്‍ സ്ഥിരീകരിച്ചിരുന്നു.

യുദ്ധം രൂക്ഷമാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിന് രണ്ട് നഗരങ്ങളില്‍ റഷ്യ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. മരിയോപോള്‍, വോള്‍ഡോക്വോ എന്നീ നഗരങ്ങളിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ ഇവിടേക്ക് എത്തിച്ച് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുന്നതിനാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. യുദ്ധം അരംഭിച്ച് പത്താം ദിവസമാണ് റഷ്യ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.

 

Latest News