രാജ്യാന്തര ചലച്ചിത്രമേളയുടെ 28 -ാമത് സീസണില്‍ ഡെലിഗേറ്റുകളെ സ്വാഗതംചെയ്യുന്നത് ഉപയോഗശൂന്യമായ വസ്തുക്കളില്‍തീര്‍ത്ത അലങ്കാര കാഴ്ചകളാണ്. ടാഗോർ തിയേറ്റർ വളപ്പിലാണ്, പുനരുപയോഗം എന്ന ചിന്തയുടെ അടിസ്ഥാനത്തിൽ ഉപയോഗശൂന്യമായ വസ്തുക്കള്‍കൊണ്ട് പ്രവേശനകവാടം ഒരുക്കിയിരിക്കുന്നത്. ഇരുമ്പ് പൈപ്പിന്റെ കഷണങ്ങളും പഴയ പ്ലൈവുഡും ഉപയോഗിച്ച് ഹൈലേഷ് എന്ന കലാകാരനാണ് ടാഗോർ വളപ്പിലെ ഫെസ്റ്റിവൽ ഓഫീസ് നിര്‍മ്മാണത്തിനുപിന്നില്‍.
വര്‍ഷങ്ങളായി, പ്രധാനവേദിയായ ടാഗോർ തിയേറ്ററിന്റെയും മറ്റു 14 തിയേറ്ററുകളുടെയും പ്രവേശനകവാടം അലങ്കരിച്ച് പ്രേഷകരെ സ്വാഗതംചെയ്യുന്നത് ഹൈലേഷും അദ്ദേഹത്തിന്റെ 30 സുഹൃത്തുക്കളുമാണ്. മേളയിലെ അലങ്കാരപണികൾ ചെയ്തുതുടങ്ങിയ കാലംമുതൽ ഓരോ തവണയും വ്യത്യസ്‌തത കൊണ്ടുവരാനും ഈ കലാകാരന്‍ ശ്രമിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായുള്ള ചിന്തയില്‍നിന്നാണ് ഉപയോഗശൂന്യമായ വസ്തുക്കള്‍ ഉപയോഗിച്ച് ചലച്ചിത്രമേളയുടെ വേദിയില്‍ അലങ്കാരപണികള്‍ നടത്താന്‍ ഹൈലേഷ് തയ്യാറായത്.
തന്റെ കൈവശമുണ്ടായിരുന്ന ഇരുമ്പ് പൈപ്പിന്റെ ബാക്കിയും ആക്രിക്കടകളിൽനിന്നും ശേഖരിച്ച ഇരുമ്പ് പൈപ്പിന്റെ കഷണങ്ങളും ഉപയോഗപ്പെടുത്തിയാണ് പൂർണ്ണമായും അലങ്കാരങ്ങള്‍ നടത്തിയിരിക്കുന്നത്. കട്ടൗട്ടുകൾ നിര്‍മ്മിക്കാന്‍ പാഴായ പ്ലൈവുഡും ആന്റിക് ഫീലിനായി റെസ്റ്ററും ഉപയോഗിച്ചു. കേരളീയത്തിനായി ഉപയോഗിച്ച വസ്തുക്കളിൽ ബാക്കിവന്നവയും ഹൈലേഷ് നിര്‍മ്മാണങ്ങളില്‍ ഉപയോഗിച്ചു. ഹൈലേഷ് തന്നെ തയ്യാറാക്കിയ മാതൃകയിൽ 30 സഹായികളോടൊപ്പം അഞ്ച് ദിവസംകൊണ്ടാണ് ഇവ കൂട്ടിയോജിപ്പിച്ച് മാതൃക ഒരുക്കിയിട്ടുള്ളത്.