Sunday, November 24, 2024

കേരളാ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിന്‍റെ 28-ാം സീസണ്‍ ഡിസംബർ 8 മുതല്‍: ഡെലിഗേറ്റ് സെൽ ഉദ്‌ഘാടനം നടത്തി

കേരളാ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിന്‍റെ 28-ാം സീസണ്‍ ഡിസംബർ 8 മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കും. മേളയോടനുബന്ധിച്ചുള്ള ഡെലിഗേറ്റ് സെൽ ഉദ്‌ഘാടനം ബുധനാഴ്ച തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ നിർവഹിച്ചു. ഡെലിഗേറ്റ് പാസിന്റെ വിതരണോദ്ഘാടനം ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദ് 2022ലെ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് ജേതാവ് വിൻസി അലോഷ്യസിന് നൽകി.

ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ പാം ദി ഓര്‍ പുരസ്‌കാരത്തിന് അര്‍ഹമായ ജസ്റ്റിന്‍ ട്രീറ്റ് ചിത്രം ദി അനാട്ടമി ഓഫ് എ ഫാള്‍ ഉള്‍പ്പടെ 62 സിനിമകളാണ് മേളയോടനുബന്ധിച്ച് ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. അര്‍ജന്റീന, റഷ്യ, ചൈന, ജപ്പാന്‍, ബെല്‍ജിയം, ജര്‍മ്മനി, പോളണ്ട്, തുര്‍ക്കി, യമന്‍, ഇറാഖ്, ജോര്‍ദാന്‍, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള ചിത്രങ്ങളാണ് മേളയിലെ ലോക സിനിമാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചലച്ചിത്രമേളയുടെ ഉദ്ഘാടന ദിനമായ ഡിസംബര്‍ 8ന് മുഹമ്മദ് കൊർദോഫാനി എന്ന നവാഗത സുഡാനിയൻ ചലച്ചിത്രകാരന്റെ ‘ഗുഡ്ബൈ ജൂലിയ’ ഉദ്‌ഘാടന ചിത്രമായി പ്രദർശിപ്പിക്കും. ഉദ്‌ഘാടന സമ്മേളനത്തിന് ശേഷം വൈകിട്ട് ആറു മണിക്ക് നിശാഗന്ധിയിൽ ആയിരിക്കും ചിത്രത്തിന്റെ പ്രദർശനം.

വിവധ രാജ്യങ്ങളില്‍ നിന്നും പ്രദര്‍ശനത്തിനെത്തുന്ന സിനിമകളില്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള 26 ഓസ്‌കാര്‍ എന്‍ട്രികളും 17 വനിതാ സംവിധായകരുടെ ചിത്രങ്ങളും ഉള്‍പ്പെടും. ശ്രീലങ്കന്‍ ചലച്ചിത്ര സംവിധായകന്‍പ്രസന്ന വിതാനഗെയുടെ ആദ്യ ഇന്ത്യന്‍ ചിത്രം പാരഡൈസ് (പറുദീസ) ലോകസിനിമാ വിഭാഗത്തിലെ ഏക ഇന്ത്യന്‍ ചിത്രമാണ്. അതിനിടെ, രാജ്യാന്തര ചലച്ചിത്ര മേളയിൽ മൺമറഞ്ഞ അതുല്യ ചലച്ചിത്ര പ്രവർത്തകർക്ക് ആദരം അർപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

Latest News