കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ ഞായറാഴ്ച എത്തും. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്കാണ് സര്‍വ്വീസ്. സമയക്രമം സംബന്ധിച്ച അന്തിമവിവരം വിദഗ്ധ സമിതി വൈകാതെ കൈമാറുമെന്നാണ് വിവരം.
കേരളത്തിന് ഡിസൈന്‍ മാറ്റം വരുത്തിയ ആദ്യ റേക്ക് വന്ദേഭാരത് കൂടി അനുവദിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ മാസം സൂചന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ അറിയിപ്പുകള്‍ പുറത്തു വരുന്നത്. ഇതിനു മുന്നോടിയായി ലോക്കോ പൈലറ്റുമാര്‍ക്കുള്‍പ്പെടെ ചെന്നൈയില്‍ നേരത്തെ പരിശീലനം ആരംഭിച്ചിരുന്നു. കാസര്‍കോട് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കാണ് പുതിയ ട്രെയിന്‍ സര്‍വീസ് നടത്തുക.
സെപ്റ്റംബർ 24 രാവിലെ ഏഴു മണിക്ക് കാസര്‍കോട് നിന്ന് യാത്ര തുടങ്ങുന്ന ട്രെയിൻ 3.05 ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്ത് നിന്ന് 4.05 ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 11.55 ന് കാസര്‍കോട് എത്തുമെന്നുമാണ് വിവരം.
നേരത്തെ രണ്ടാം വന്ദേ ഭാരത് മംഗലാപുരം- കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു.