പഞ്ചാബിലെ കിരാത്പൂർ സാഹിബിൽ ട്രെയിനിടിച്ച് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ട്രാക്കിൽ നിൽക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു. സത്‌ലജ് നദിക്ക് കുറുകെയുള്ള ലോഹണ്ട് റെയിൽവേ പാലത്തിലാണ് അപകടമുണ്ടായത്. രണ്ട് കുട്ടികൾ സംഭവസ്ഥലത്തും മറ്റൊരാൾ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. നാലാമൻ ആശുപത്രിയിൽ ചികിത്സയിലാണ്.
സഹാറൻപൂരിൽ നിന്ന് ഹിമാചൽ പ്രദേശിലേക്ക് പോവുകയായിരുന്ന ട്രെയിൻ കിരാത്പൂർ സാഹിബിന് സമീപം എത്തിയപ്പോഴാണ് സംഭവം.
അപകടത്തെത്തുടർന്ന് ട്രെയിൻ നിർത്തി, പരിക്കേറ്റ കുട്ടികളെ ആനന്ദ്പൂർ സാഹിബിലെ സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും കുട്ടികളെ രക്ഷിക്കാനായില്ല. സംഭവത്തെത്തുടർന്ന്, മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ട്വിറ്ററിൽ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
മരങ്ങളിൽ നിന്ന് പഴങ്ങൾ കഴിക്കാനായി കുട്ടികൾ ട്രാക്കിൽ നിൽക്കുകയായിരുന്നു. ട്രെയിൻ അടുത്തേയ്ക്ക് വരുന്നത് കുട്ടികൾ അറിഞ്ഞില്ലെന്നും അതാണ് അപകടത്തിന് കാരണമായതെന്നും അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ജഗ്ജിത് സിംഗ് വ്യക്തമാക്കി.