Monday, November 25, 2024

മനുഷ്യക്കടത്ത് റാക്കറ്റ് കുവൈറ്റിലെ സമ്പന്ന കുടുംബങ്ങള്‍ക്ക് വിറ്റ 3 മലയാളി സ്ത്രീകളെ രക്ഷപ്പെടുത്തി

മനുഷ്യക്കടത്ത് റാക്കറ്റ് കുവൈറ്റിലെ സമ്പന്ന കുടുംബങ്ങള്‍ക്ക് വിറ്റ, കേരളത്തില്‍ നിന്നുള്ള മൂന്ന് സ്ത്രീകളെ ഗള്‍ഫ് രാജ്യങ്ങളിലെ ഒരു കൂട്ടം മലയാളികളുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി സംസ്ഥാനത്ത് തിരിച്ചെത്തിച്ചു. ഓരോരുത്തരേയും പത്തു ലക്ഷം രൂപയ്ക്കാണ് റാക്കറ്റ് വിറ്റിരുന്നത്.

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, കണ്ണൂര്‍ സ്വദേശിയും റാക്കറ്റിലെ പ്രധാനിയുമായ എം കെ ഗസ്സാലി, യുവതികളെ മോചിപ്പിക്കാന്‍ മൂന്ന് ലക്ഷം രൂപ മോചനദ്രവ്യമായി അവരുടെ കുടുംബങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് സ്ത്രീകളിലൊരാളുടെ ഭര്‍ത്താവ് മലയാളി ഗ്രൂപ്പിനെ സമീപിക്കുകയും മൂവരും നേരിടുന്ന പീഡനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോകളും വോയ്സ് ക്ലിപ്പുകളും വാട്ട്സ്ആപ്പില്‍ അയച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് മലയാളി സംഘം കുവൈറ്റ് അധികൃതരെ സമീപിച്ച് സ്ത്രീകളെ മോചിപ്പിക്കാന്‍ ഗസ്സാലിയെ നിര്‍ബന്ധിക്കുകയായിരുന്നു.

കുവൈറ്റില്‍ ബേബി സിറ്റേഴ്സ് ജോലിക്ക് അപേക്ഷ ക്ഷണിച്ച് കൊച്ചിയിലും കൊല്ലത്തും ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ റാക്കറ്റ് നോട്ടീസ് ഒട്ടിച്ചിരുന്നതായി പോലീസ് പറഞ്ഞു. റിക്രൂട്ട്മെന്റ് സൗജന്യമായതിനാലും വിസ പ്രോസസ്സിംഗിനും വിമാന ടിക്കറ്റിനും പോലും ഇവരില്‍ നിന്ന് പണം ഈടാക്കാത്തതിനാലുമാണ് പോസ്റ്ററുകള്‍ കണ്ട യുവതികള്‍ റാക്കറ്റിനെ സമീപിച്ചത്. റിക്രൂട്ട്മെന്റ് സമയത്ത് തന്റെ ഭാര്യക്ക് പ്രതിമാസം 60,000 രൂപ ശമ്പളം വാഗ്ദാനം ചെയ്തിരുന്നതായി ഇരകളില്‍ ഒരാളുടെ ഭര്‍ത്താവ് പറഞ്ഞു.

ഇന്ത്യന്‍ നിയന്ത്രണങ്ങള്‍ മറികടക്കാന്‍, സ്ത്രീകളെ സന്ദര്‍ശന വിസയില്‍ ഷാര്‍ജയിലേക്കാണ് ആദ്യം കൊണ്ടുപോയത്. പിന്നീട് റോഡ് മാര്‍ഗം കുവൈറ്റിലേക്ക് മാറ്റുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുവൈറ്റില്‍ സമ്പന്ന അറബ് കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം വാങ്ങി സ്ത്രീകളെ വിറ്റു. ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് തങ്ങള്‍ കുടുങ്ങിപ്പോയതായി ഇരകള്‍ തിരിച്ചറിഞ്ഞത്. ഉടമകള്‍ അവരെ പീഡനത്തിന് വിധേയരാക്കി. ഭാഗ്യവശാല്‍, അവരുടെ ഫോണുകള്‍ അവരുടെ പക്കലുണ്ടായിരുന്നു. അതുകൊണ്ട് കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനും അവരുടെ അവസ്ഥയെക്കുറിച്ച് അറിയിക്കാനും കഴിഞ്ഞു.

പക്ഷേ റിക്രൂട്ട്‌മെന്റ് റാക്കറ്റര്‍മാരെ സ്ത്രീകളുടെ കുടുംബാംഗങ്ങള്‍ സമീപിച്ചപ്പോള്‍ മൂന്ന് ലക്ഷം രൂപ മോചനദ്രവ്യം അവര്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ അവരെ ഐഎസിന് വില്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

തുടര്‍ന്ന് ഇരകളില്‍ ഒരാളുടെ ഭര്‍ത്താവ് കൊച്ചി ആസ്ഥാനമായുള്ള അഭിഭാഷകന്‍ മുഖേന പോലീസിനും ആഭ്യന്തര മന്ത്രാലയത്തിനും പരാതി നല്‍കി. കുവൈറ്റിലെ മലയാളി ഗ്രൂപ്പിനെ സമീപിച്ചു. ഗസ്സാലിക്കെതിരെയും ഗസ്സാലിയുടെ ലോക്കല്‍ റിക്രൂട്ടറായി പ്രവര്‍ത്തിച്ച കൊല്ലം പത്തനാപുരം സ്വദേശി അജുമോന്‍ എ ആര്‍ (35) എന്നിവര്‍ക്കെതിരെയും കേസെടുത്തു.

റാക്കറ്റ് അംഗങ്ങള്‍ മൂന്ന് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായും കുടുംബം ഈ തുക നല്‍കിയില്ലെങ്കില്‍ സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ക്യാമ്പുകളിലേക്ക് വില്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും നാട്ടില്‍ തിരിച്ചെത്തിയ സ്ത്രീകള്‍ പരാതിയില്‍ പറയുന്നു. ഒരു സ്ത്രീ കൊല്ലം സ്വദേശിയും രണ്ടുപേര്‍ എറണാകുളം സ്വദേശികളുമാണ്.

‘വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എറണാകുളം സെഷന്‍സ് കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടാന്‍ അജുമോന്‍ ശ്രമിച്ചെങ്കിലും ഞങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ജൂണ്‍ 4 ന് കോടതി ജാമ്യം നിഷേധിച്ചു,”. പോലീസ് പറഞ്ഞു.

രക്ഷപ്പെട്ട സ്ത്രീകളുടെ മൊഴി പ്രകാരം കുവൈറ്റില്‍ സമാനമായ രീതിയില്‍ കൂടുതല്‍ സ്ത്രീകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഹിന്ദി സംസാരിക്കുന്ന സ്ത്രീകളും തങ്ങളോടൊപ്പം ഉണ്ടായിരുന്നതായി ഈ സ്ത്രീകള്‍ പറയുന്നു.

 

 

Latest News