മേപ്പാടി -ചൂരല്‍മല ദുരന്ത പ്രദേശത്ത് പൂര്‍ണമായി തകര്‍ന്നത് 309 വീടുകളാണെന്ന് കെഎസ്ഇബി. കെഎസ്ഇബി മേപ്പാടി സെക്ഷന്റെ കീഴിലാണ് ദുരന്ത ഭൂമി ആകെ വരുന്നത്. നൂറിനടുത്ത് വീടുകള്‍ ഭാഗികമായി തകര്‍ന്നു. നിലവില്‍ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിടത്തെല്ലാം വെദ്യുതി ബന്ധം പുനഃസ്ഥാപിച്ചുവെന്ന് കെഎസ്ഇബി മേപ്പാടി അസി. എന്‍ജിനീയര്‍ ജയന്‍ വ്യക്തമാക്കി.
ഉരുള്‍പൊട്ടല്‍ ഉണ്ടായ ദിവസം വൈകുന്നേരത്തോടുകൂടി വൈദ്യുതി മന്ത്രി അടക്കമുള്ളവര്‍ ക്യാമ്പ് ചെയ്ത് അവരുടെ നിര്‍ദേശപ്രകാരം സ്ട്രീറ്റ് ലൈറ്റുകള്‍ ശരിയാക്കിയിരുന്നു. കൂടാതെ ദുരന്തനിവാരണ അതോറിറ്റി പറഞ്ഞ പ്രകാരം സ്‌പ്ലെ എത്തിച്ചു. പത്ത് പേര് ചേര്‍ന്ന ഒരു ടീമായി പ്രദേശം നിരീക്ഷിച്ച് വെളിച്ചം എത്തിച്ചുകൊണ്ടിരിക്കുകയാണ്.
കെഎസ്ഇബിയുടെ കണക്കില്‍ ദുരന്ത പ്രദേശത്ത് 1200 ഉപഭോക്താക്കളാണ് ഉള്ളത്. അതില്‍ മീറ്റര്‍ റീഡര്‍മാരുടെ വാക്കിങ് ഓര്‍ഡര്‍ പ്രകാരം 309 വീടുകളാണ് പൂര്‍ണമായി തകര്‍ന്നത്. ഭാഗികമായി നൂറോളം വീടുകളും തകര്‍ന്നിട്ടുണ്ട്. ഇത് കൂടാതെ കടകളും മറ്റ് സ്ഥാപനങ്ങളുമായി വേറെയും നൂറ് കെട്ടിടങ്ങളും പൂര്‍ണമായും തകര്‍ന്നിട്ടുണ്ടെന്നും അസി. എന്‍ജിനീയര്‍ ജയന്‍ പറയുന്നു.