റഷ്യയിലെ ഡാഗെസ്താനിലെ പെട്രോള്‍ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 35 ആയി ഉയര്‍ന്നു. സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റവരില്‍ പത്തു പേരാണ് മരിച്ചതെന്ന് റഷ്യന്‍ ഡെപ്യൂട്ടി ആരോഗ്യ മന്ത്രി വ്ളാഡിമിര്‍ ഫിസെങ്കോ അറിയിച്ചു.
ഡാഗെസ്താനി തലസ്ഥാനമായ മഖച്കലയിലെ ഒരു റിപ്പയര്‍ ഷോപ്പില്‍ നിന്നും തിങ്കളാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. ഇത് പിന്നീട് അടുത്തുള്ള ഗ്യാസ് സ്റ്റേഷനിലേക്ക് പടര്‍ന്നു. അപകടത്തെ തുടര്‍ന്ന് മൂന്ന് കുട്ടികള്‍ ഉല്‍പ്പടെ 25 പേര്‍ തത്ക്ഷണം മരണപ്പെടുകയും 66 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അഞ്ചു പേരുടെ കൂടി മരണം സ്ഥിരീകരിച്ചത്.
ഒരു യുദ്ധം പോലെയാണ് സ്ഫോടനം അനുഭവപ്പെട്ടതെന്നാണ് സംഭവത്തിന്റെ ദൃക്‌സാക്ഷികള്‍ പറയുന്നത്. ഏകദേശം 6,450 ചതുരശ്ര അടി വിസ്തൃതിയില്‍ പടര്‍ന്ന തീ അണയ്ക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ മുക്കാല്‍ മണിക്കൂറിലധികം സമയമെടുത്തു, റഷ്യന്‍ എമര്‍ജന്‍സി സര്‍വീസാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, എന്നാല്‍ സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല.