ജമ്മു കശ്മീരില്‍ ടിക് ടോക് താരമായ 35കാരി അമ്രീന്‍ ഭട്ട് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ബുദ്ഗാം ജില്ലയിലാണ് ആക്രമണം നടന്നത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെ അനന്തരവനും 10 വയസ്സുകാരനുമായ കുട്ടിക്കും അമ്രീന്‍ ഭട്ടിനും നേരെ ആക്രമണമുണ്ടാകുകയായിരുന്നു.
കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഷ്‌കറെ ത്വയ്ബ ഭീകരരാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. അമ്രീന്‍ ഭട്ട് താമസിക്കുന്ന വീടിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ വെച്ചാണ് അമ്രീന്‍ മരിച്ചതെന്ന് കശ്മീര്‍ സോണ്‍പോലീസ് പറഞ്ഞു.
ആക്രമണത്തിന് പിന്നാലെ പോലീസ് പ്രദേശം വളഞ്ഞ് അക്രമികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കശ്മീരില്‍ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. ചൊവ്വാഴ്ച ശ്രീനഗറില്‍ വീടിന് പുറത്ത് പോലീസുകാരനെ ഭീകരര്‍ വെടിവെച്ച് കൊന്നിരുന്നു. ഇയാളെ രക്ഷിക്കാന്‍ ഓടിയെത്തിയ ഏഴുവയസ്സുകാരിയായ മകള്‍ക്കും പരിക്കേറ്റു. അമ്രീന്‍ ഭട്ടിന്റെ ടിക് ടോക് വീഡിയോകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.