ഇന്ത്യയിലെ പൊതുമേഖലാ ബാങ്ക് അക്കൗണ്ടുകളില്‍ അവകാശികളില്ലാതെ കിടക്കുന്ന 35,000 കോടി രൂപ റിസര്‍വ് ബാങ്കിലേക്ക് മാറ്റി. കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കാരാഡ് ആണ് ഇക്കാര്യം കഴിഞ്ഞ ദിവസം പാര്‍ലമെന്റിനെ അറിയിച്ചത്. 10.24 കോടി അക്കൗണ്ടുകളിലെ പണത്തിനാണ് അവകാശികളില്ലാത്തത്. 10 വര്‍ഷമോ അതില്‍ കൂടുതലോ വര്‍ഷമായി പ്രവര്‍ത്തനരഹിതമായ നിക്ഷേപ തുകയാണ് ആര്‍ബിഐയിലേക്ക് മാറ്റിയത്. 2023 ഫെബ്രുവരി അവസാനം വരെയുള്ള കണക്കാണിത്. ആര്‍ബിഐയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രി ലോക്‌സഭയില്‍ വിവരം അറിയിച്ചത്.
എസ്ബിഐയിലാണ് ഇത്തരത്തില്‍ അവകാശികളില്ലാത്ത നിക്ഷേപ തുക കൂടുതല്‍ ഉള്ളത്. 8,086 കോടി രൂപ എസ്ബിഐയിലുണ്ടായിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 5,340 കോടി രൂപയും കനറാ ബാങ്കില്‍ 4,558 കോടി രൂപയും ബാങ്ക് ഓഫ് ബറോഡയില്‍ 3,904 കോടി രൂപയുമാണ് ഉണ്ടായിരുന്നത്. ബാങ്കുകളില്‍ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്ന പണം ഉടമകളിലേക്കെത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. രണ്ട് വര്‍ഷത്തിനിടെ പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കണ്ടെത്താന്‍ ഒരു പ്രത്യേക ഡ്രൈവ് ആരംഭിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കൂടാതെ പത്തു വര്‍ഷമോ അതില്‍ കൂടുതലോ അവകാശികളില്ലാത്ത അക്കൗണ്ടുകളുടെ ലിസ്റ്റ് അതത് വെബ്സൈറ്റുകളില്‍ ഉടമകളുടെ പേരും വിലാസവുമുള്‍പ്പടെ ബാങ്കുകള്‍ പ്രദര്‍ശിപ്പിക്കണം. ഇതുവഴി പ്രവര്‍ത്തനരഹിതമായ അക്കൗണ്ടിന് അവകാശികള്‍ക്ക് (നോമിനി) നിയമപരമായി അതത് ബാങ്കുകളെ സമീപിച്ച് നടപടികള്‍ തുടങ്ങാവുന്നതാണ്. പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകള്‍ കണ്ടെത്തി അവകാശികളെ തേടാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആര്‍ബിഐയും ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.