Saturday, November 23, 2024

നാലായിരം വർഷം പഴക്കമുള്ള ഉറപ്പുള്ള നഗരം കണ്ടെത്തി പുരാവസ്തു ഗവേഷകർ

സൗദി അറേബ്യയിലെ 4,400 വർഷം പഴക്കമുള്ള അൽ-നതാഹ് എന്ന വെങ്കലയുഗ നഗരം കണ്ടെത്തി പുരാവസ്തു ഗവേഷകർ. ഇത് ആദ്യകാല നഗരജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്നു. സെൻട്രൽ ഡിസ്ട്രിക്റ്റും സംരക്ഷിത കോട്ടകളുമുള്ള ഈ സെറ്റിൽമെന്റിൽ അഞ്ഞൂറോളം ആളുകൾ താമസിച്ചിരുന്നതായാണ് കണക്കാക്കുന്നത്. ഇത് നാടോടികളായ ആളുകൾ കന്നുകാലി വളർത്തലിൽനിന്ന് കൂടുതൽ വികസിതവും സ്ഥിരതാമസവുമാക്കുന്ന സംസ്കാരമുള്ള നഗരജീവിതത്തിലേക്കു പരിവർത്തനം ചെയ്തതായി സൂചിപ്പിക്കുന്നു.

റിപ്പോർട്ടുകൾ പ്രകാരം, അറേബ്യൻ പെനിൻസുലയുടെ വടക്കുപടിഞ്ഞാറ് ഭാഗത്ത് മരുഭൂമിയാൽ ചുറ്റപ്പെട്ട ഫലഭൂയിഷ്ഠമായ ഭൂമിയായ ഖൈബാറിന്റെ മതിലുകൾക്കുള്ളിൽ നിന്നാണ് പട്ടണത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ലെവന്റ്, മെസൊപ്പൊട്ടേമിയ നാഗരികതകളുമായി താരതമ്യപ്പെടുത്തുമ്പോൾ വടക്കൻ അറേബ്യയിൽ നന്നായി സംരക്ഷിക്കപ്പെട്ട പുരാവസ്തു സൈറ്റുകൾ ഇല്ലായിരുന്നു. അതിനാൽത്തന്നെ ഇത് നഗരവൽക്കരണത്തെക്കുറിച്ചുള്ള പഠനം ബുദ്ധിമുട്ടാക്കി.

PLoS ONE ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, പുരാതന നഗരമായ അൽ-നതാഹ് ഏകദേശം 1.5 ഹെക്ടർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി. അഞ്ഞൂറോളം ആളുകൾ താമസിച്ചിരുന്ന ഇവിടെ ഒരു സെൻട്രൽ ഡിസ്ട്രിക്ടും സമീപത്തുള്ള റെസിഡൻഷ്യൽ ഡിസ്ട്രിക്റ്റും ഉണ്ടായിരുന്നു. ഗവേഷകർ പുരാതനസ്ഥലത്ത് കെട്ടിട അടിത്തറ കണ്ടെത്തിയിട്ടുണ്ട്. അതിന് ഒന്നോ, രണ്ടോ നിലകളുള്ള വീടുകൾ താങ്ങാൻ കഴിയുന്നത്ര ശക്തമായ ഘടനകളുണ്ടെന്ന് സൂചിപ്പിക്കുന്നു. ഗവേഷകർ പറയുന്നതനുസരിച്ച്, സ്ഥാപിതമായി ഏകദേശം ആയിരം വർഷങ്ങൾക്കുശേഷം നഗരം ഉപേക്ഷിക്കപ്പെട്ടതായി അനുമാനിക്കുന്നു. പട്ടണത്തിനടുത്തുള്ള ഒരു കൂട്ടം ശ്മശാനങ്ങളും അവർ കണ്ടെത്തി. അതിൽ കോടാലി, കഠാര തുടങ്ങിയ ലോഹായുധങ്ങളും അഗേറ്റ് പോലുള്ള കല്ലുകളും ഉണ്ടായിരുന്നു. നാഗരികത വളരെ പുരോഗമിച്ചതാണെന്നും ഗവേഷകർ നിഗമനം ചെയ്തു.

ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, തെക്കൻ അറേബ്യയിൽനിന്ന് മെഡിറ്ററേനിയനിലേക്ക് സുഗന്ധദ്രവ്യങ്ങൾ, കുന്തുരുക്കം, മീറ എന്നിവയുടെ വ്യാപാരം സുഗമമാക്കിയ ‘സുഗന്ധദ്രവ്യ പാത’ സ്ഥാപിക്കുന്നതിൽ ഈ നഗരങ്ങൾ നിർണായകമായിരിക്കാം എന്നാണ് കരുതപ്പെടുന്നത്. ആദ്യമായാണ് ഒരു ചെറിയ വെങ്കലയുഗ നഗരം (ബി. സി. 2400-1300 കാലഘട്ടത്തിൽ) വടക്കുപടിഞ്ഞാറൻ അറേബ്യയിൽ കണ്ടെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News